ജിദ്ദ- ഇനി ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. സൗദി സംഘം ബഹിരാകാശത്തേക്ക് കുതിക്കും.
ആക്സിയം സ്പേസ് സംഘടിപ്പിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ.എസ്.എസ്) സഞ്ചാരമാണ് ഇന്ന്(ഞായറാഴ്ച) ഫ്‌ളോറിഡയിൽനിന്ന് ബഹിരാകാശത്തേക്ക് കുതിക്കുക. ഇതാദ്യമയാണ് സൗദി പൗരൻമാർ ആദ്യമായി ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്നത്. സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ സൗദി വനിതയാകും. യുദ്ധവിമാന പൈലറ്റായ സൗദി പൗരൻ അലി അൽ ഖർനിയും ഈ ദൗത്യത്തിൽ ചേരും. തെക്കൻ സംസ്ഥാനമായ ഫ്‌ലോറിഡയിലെ കേപ് കാനവറലിലുള്ള കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വൈകുന്നേരം 5:37 ന് (21.37 ജി.എം.ടി, സൗദി സമയം രാത്രി 12.37) പേടകം (ആക്സിയം മിഷൻ 2 (ആക്സ്-2) ക്രൂ സ്പേസ് എക്സ് ഫാൽക്കൺ 9) റോക്കറ്റിൽ പറന്നുയരും.
ഇന്റർനാഷണൽ സ്‌പേസ് സെന്ററിലേക്ക് (ഐ.എസ്.എസ്) നാലാമത്തെ തവണ യാത്ര ചെയ്യുന്ന മുൻ നാസ ബഹിരാകാശയാത്രികയായ പെഗ്ഗി വിറ്റ്‌സൺ, പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ടെന്നസിയിൽ നിന്നുള്ള ബിസിനസുകാരൻ ജോൺ ഷോഫ്‌നർ എന്നിവരും ടീമിൽ ഉണ്ട്. സംഘം പത്തു ദിവസത്തോളം ഇവിടെ ചെലവിടും.
റയാന ബർനാവിയുടെ വാക്കുകൾ:
ബഹിരാകാശത്തേക്ക് പോവുകയാണെന്ന കാര്യം ഓർക്കുമ്പോഴെല്ലാം അതിയായ സന്തോഷം തോന്നുന്നതായി ഇതാദ്യമായി ബഹിരാകാശ യാത്ര നടത്തുന്ന അറബ്, സൗദി വനിതയായ റയാന ബർനാവി. ഇതിലൂടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ഞാൻ ബഹിരാകാശത്തേക്ക് പോകുന്നുവെന്ന് അറിഞ്ഞപ്പോൾ എന്റെ മുത്തശ്ശി എനിക്ക് 60 വർഷത്തിലേറെ പഴക്കമുള്ള രണ്ടു കമ്മലുകൾ സമ്മാനിച്ചതായും റയാന പറഞ്ഞു.
സൗദികൾ എന്ന നിലയിൽ ശാസ്ത്ര പുരോഗതിയുടെ എല്ലാ മേഖലകളിലും മാന്യമായ സാന്നിധ്യമുണ്ടാകാൻ തങ്ങൾ ശീലിച്ചിരിക്കുന്നതായി റയാനക്കൊപ്പം ഇന്ന് ബഹിരാകാശത്തേക്ക് പോകുന്ന സൗദി ആസ്ട്രനോട്ടും സൗദി വ്യോമസേനയിൽ പൈലറ്റുമായ അലി അൽഖർനി പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലെ തുടർച്ചയാകും ഞങ്ങളുടെ യാത്ര. ബഹിരാകാശ യാത്രയിൽ അഭിമാനിക്കുകയും ആവേശഭരിതരാകുകയും ചെയ്യുന്നു. ദൗത്യത്തിനിടെ ശസ്ത്രീയ പരീക്ഷണങ്ങൾ നടത്താനും അവ വിദ്യാർഥികളുമായി ചേർന്ന് പ്രയോഗിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.
പൈലറ്റായ താൻ ഇപ്പോൾ ബഹിരാകാശത്തിൽ പരീക്ഷണം നടത്താനാണ് ആഗ്രഹിക്കുന്നത്. ഈ പുതിയ അനുഭവത്തിലൂടെ കടന്നുപോകുന്നതിനെ കുറിച്ച എന്റെ വികാരം വിവരണാതീതമാണ്. സൗദി അറേബ്യ നൽകിയ പരിശീലന അന്തരീക്ഷം വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങളെ പ്രചോദിപ്പിച്ചതായും അലി അൽഖർനി പറഞ്ഞു.
പരിശീലനത്തിനിടെ അലി അൽഖർനിയെയും റയാന ബർനാവിയെയും അമേരിക്കയിലെ സൗദി അംബാസഡർ റീമ രാജകുമാരി നേരത്തെ സന്ദർശിച്ചിരുന്നു. നാസയുടെ സ്പേസ് എക്സ് മിഷൻ കൺട്രോൾ സെന്ററിൽ എത്തിയാണ് റീമ രാജകുമാരി സൗദി ബഹിരാകാശ യാത്രികരെ സന്ദർശിച്ചത്. സൗദി ബഹിരാകാശ ദൗത്യത്തിൽ പങ്കാളിത്തം വഹിക്കുന്ന റയാന ബർനാവി, അലി അൽഖർനി, മർയം ഫിർദൗസ്, അലി അൽഗാംദി എന്നിവരെ കിരീടാവകാശിയും പ്രധാനമന്ത്രിയും സൗദി സ്പേസ് കമ്മീഷൻ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സ്വീകരിച്ചിരുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശാസ്ത്ര ദൗത്യത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ സൗദി, അറബ്, മുസ്ലിം വനിതയാണ് റയാന ബർനാവി. റയാന ബർനാവിയെയും അലി അൽഖർനിയെയും സഹായിക്കാൻ ഭൗമനിലയത്തിൽ ചുമതലപ്പെടുത്തപ്പെട്ടവരാണ് മർയം ഫിർദൗസും അലി അൽഗാംദിയും. ബഹിരാകാശ മേഖലയിലും അതിന്റെ സാങ്കേതിക വിദ്യകളിലും സൗദി അറേബ്യയുടെ പങ്ക് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ ഉന്നമിട്ട് ബഹിരാകാശ പ്രോഗ്രാമുകളിലും അതിന്റെ ശാസ്ത്ര, സാങ്കേതിക മേഖലകളിലും സ്വദേശികളുടെ പങ്ക് വർധിപ്പിക്കാനുള്ള ശ്രമമെന്നോണമാണ് പുതിയ ദൗത്യം.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്കുള്ള ആക്സിയം സ്പേസിന്റെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ യാത്ര ദൗത്യമായ എ.എക്സ്-2 ബഹിരാകാശ ദൗത്യ സംഘത്തിലാണ് അലി അൽഖർനിയും റയാന ബർനാവിയും പങ്കാളികളാകുന്നത്. രണ്ടു അമേരിക്കക്കാർ കൂടി ഉൾപ്പെട്ട നാലംഗ സംഘം സ്പേസ് എക്സ് ഡ്രാഗൺ കാപ്സ്യൂളിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുകയും ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ നിലയത്തിൽ പത്തു ദിവസം ചെലവഴിക്കുകയും ചെയ്യും.