തിരുവനന്തപുരം- ഇടമനക്കുഴി ഖദീജത്തുല്‍ വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ബീമാപള്ളി സ്വദേശി അസ്മിയ മോളുടെ (17) മരണവുമായി ബന്ധപ്പെട്ട കേസില്‍, മതപഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അനുമതിയോടെയല്ലെന്ന് പോലീസ്. മതപഠന കേന്ദ്രത്തിന് ഏതെല്ലാം വകുപ്പുകളുടെ അനുമതിയുണ്ടെന്ന കാര്യത്തില്‍ സംയുക്ത പരിശോധന വേണമെന്ന് ആവശ്യമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കലക്ടര്‍ക്ക് കത്തു നല്‍കി.
മരണകാരണം തേടിയുള്ള അന്വേഷണം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താനാകുമോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അസ്മിയയുടെ ബന്ധുക്കള്‍, സഹപാഠികള്‍, കോളജ് അധ്യാപകര്‍ തുടങ്ങിയവരുടെ മൊഴികള്‍ രേഖപ്പെടുത്തി. സഹപാഠികളില്‍നിന്നു നേരിട്ടും ഫോണ്‍ മുഖേനയും വിവരശേഖരണവും നടത്തി. ചിലരെ സ്റ്റേഷനില്‍ എത്തിച്ചും മൊഴി എടുത്തു.
സ്ഥാപനം സന്ദര്‍ശിച്ച പ്രത്യേക അന്വേഷണ സംഘം ഹാജര്‍ ബുക്ക് ഉള്‍പ്പെടെ കുട്ടിയുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചു. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചിരുന്നു. നെയ്യാറ്റിന്‍കര എഎസ്പി: ടി.ഫറാഷിനാണ് അന്വേഷണ ചുമതല. പ്രത്യേക സംഘത്തില്‍ ഒരു സിഐ ഉള്‍പ്പെടെ നാലു പേര്‍ വനിതകളാണ്. ഒരാഴ്ച മുന്‍പാണ് അസ്മിയ മോളെ കോളജിലെ ലൈബ്രറി ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.