Sorry, you need to enable JavaScript to visit this website.

എലിക്കെന്താ പാലക്കാട്ടെ എക്‌സറേ യൂണിറ്റില്‍ കാര്യം? ഇത് വലിയ ചെയ്ത്തായിപ്പോയി

പാലക്കാട് - ഒരു കോടിയോളം രൂപ വിലവരുന്ന എക്സ്‌റേ യൂണിറ്റ് എലി കടിച്ച് നശിപ്പിക്കുക, അത് റിപ്പയര്‍ ചെയ്യാന്‍ 30 ലക്ഷത്തോളം രൂപ ചെലവാക്കേണ്ടി വരിക. അധികൃതര്‍ ഒന്ന് കരുതിയിരുന്നെങ്കില്‍ ലക്ഷങ്ങളുടെ നഷ്ടം ഒഴിവാക്കാനും പാവപ്പെട്ട രോഗികള്‍ക്ക് പണച്ചെലവില്ലാതെ എക്‌സ്‌റേ എടുക്കാനും സാധിക്കുമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. അല്ലെങ്കിലും വെറുതെ കിട്ടിയാല്‍ ആര്‍ക്കും ഒരു വിലയുമുണ്ടാകില്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഒരു കോടി രൂപ വിലവരുന്ന എക്‌സറേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. മതിയായ സുരക്ഷ ഒരുക്കാതെ ഉപകരണം സൂക്ഷിച്ചതാണ് വിനയായത്. സൗജന്യമായി കിട്ടിയ 92.63 ലക്ഷം രൂപയുടെ യൂണിറ്റാണ് നശിച്ചത്. 2021 മാര്‍ച്ച് മൂന്നിനാണ് സംസംഗ്് കമ്പനി പോര്‍ട്ടബിള്‍ ഡിജിറ്റല്‍ എക്‌സറെ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നല്‍കിയത്. അതേ വര്‍ഷം ഒക്ടോബര്‍ 21നാണ് എലികടിച്ച് എക്‌സറേ യൂണിറ്റ് കേടായ വിവരം ജീവനക്കാരന്‍ സൂപ്രണ്ടിനെ അറിയിക്കുന്നത്. ഒരിക്കല്‍പോലും ഇത് ഉപയോഗിച്ചിട്ടില്ലെന്നതാണ് ഏറ്റവും വലിയ സങ്കടം. അതിനു മുമ്പെ യന്ത്രത്തിന് കേടുപറ്റി.  ജില്ലാ ആശുപത്രി സൂപ്രണ്ടും കമ്പനിയും തമ്മിലുള്ള കരാര്‍ പ്രകാരം ഉപകരണത്തിന്റെ സംരക്ഷണ ഉത്തരവാദിത്തം ആശുപത്രിക്കാണ്. എക്‌സറേ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന്  പരാതി ഉയര്‍ന്നതോടെ, ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഈ റിപ്പോര്‍ട്ടിലാണ് എലി കടിച്ച് നശിപ്പിച്ച വിവരം അറിയിച്ചത്.  അധികൃതരുടെ ഭാഗത്ത് നുന്നുള്ള വീഴ്ചയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. എല്ലാ കുറ്റവും എലിയുടെ തലയില്‍ വെച്ചുകൊടുത്തു. എക്‌സറേ യൂണിറ്റ് നന്നാക്കാന്‍ 30 ലക്ഷം രൂപ ചിലവഴിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

 

Latest News