Sorry, you need to enable JavaScript to visit this website.

ഒരു തുള്ളി വെള്ളം കുടിച്ചിരുന്നെങ്കില്‍ എന്റെ 'തൊലിക്കട്ടി'യും അളന്നേനെയെന്ന് കെ. ടി.ജലീല്‍

മലപ്പുറം - കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തതിനെ വിമര്‍ശിച്ച് പോസ്റ്റിട്ട വി.ടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച്  കെ.ടി ജലീല്‍. ഈ നേതാവിന്റെ മാതാവ് മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ആരും ക്ഷണിക്കാതെ ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. വരുന്നവര്‍ക്ക് ദാഹജലം അവിടെ കരുതിയിരുന്നു. ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല. കുടിച്ചിരുന്നെങ്കില്‍ എന്റെ 'തൊലിക്കട്ടി'യും ടിയാന്‍ അളന്നേനെ എന്നാണ് കെ.ടി ജലീല്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. കോണ്‍ഗ്രസ് മഹത്തായ പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ പുത്തന്‍കൂറ്റുകാരായ സംസ്ഥാന നേതാക്കള്‍ സംഘടനയുടെ വാര്‍ഡ് പ്രസിഡണ്ടാകാന്‍ പോലും യോഗ്യതയില്ലാത്തവരാണെന്ന് പറയേണ്ടി വന്നതില്‍ ദു:ഖമുണ്ടെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഒരോരുത്തരുടെ തൊലിക്കട്ടി' എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത സീതാറാം യെച്ചൂരിയുടെ ഫോട്ടോ സഹിതം വി ടി ബല്‍റാം പോസ്റ്റിട്ടത്. ഇത് വിവാദമായതിനെ തുടര്‍ന്ന് പി്ന്നീട് പിന്‍വലിച്ചിരുന്നു.

കെ.ടി ജലീലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കോണ്‍ഗ്രസ് മഹത്തായ പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ പുത്തന്‍കൂറ്റുകാരായ സംസ്ഥാന നേതാക്കള്‍ സംഘടനയുടെ വാര്‍ഡ് പ്രസിഡണ്ടാകാന്‍ പോലും യോഗ്യതയില്ലാത്തവരാണെന്ന് പറയേണ്ടി വന്നതില്‍ ദു:ഖമുണ്ട്. ഇനിമേലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്തെങ്കിലും ചടങ്ങിന് ക്ഷണിക്കുന്നത് മര്യാദയുടെ ഭാഗമാണെന്ന് ക്ഷണിതാക്കള്‍ കരുതണം. എങ്ങാനും സൗഹൃദത്തിന്റെ പേരില്‍ ചടങ്ങില്‍ പങ്കെടുത്താല്‍ തൊലിക്കട്ടി അളന്ന് തിട്ടപ്പെടുത്താന്‍ കെ.പി.സി.സി ഭാരവാഹിയുടെ നേതൃത്വത്തില്‍ അവിടെ ഒരുസംഘമുണ്ടാകും. ഈ നേതാവിന്റെ മാതാവ് മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ആരും ക്ഷണിക്കാതെ ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. വരുന്നവര്‍ക്ക് ദാഹജലം അവിടെ കരുതിയിരുന്നു. ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല. കുടിച്ചിരുന്നെങ്കില്‍ എന്റെ 'തൊലിക്കട്ടി'യും ടിയാന്‍ അളന്നേനെ. മേലില്‍ കോണ്‍ഗ്രസ്സുകാര്‍ എന്തെങ്കിലും പരിപാടിക്ക് ക്ഷണിച്ചാല്‍ നൂറുവട്ടം ആലോചിച്ചേ പോകാവൂ. വെറുതെ തൊലിക്കട്ടി അളക്കാന്‍ അവസരമുണ്ടാക്കി കൊടുക്കേണ്ടല്ലോ?

 

 

 

 

 

 

 

 

 

 

Latest News