Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് നേതാക്കൾ ക്ഷണിച്ചാൽ നൂറുവട്ടം ആലോചിച്ചേ പോകാവൂ-കെ.ടി ജലീൽ

തിരുവനന്തപുരം- കർണാടകയിലെ മന്ത്രിസഭ അധികാരത്തിലേറുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി ബൽറാം നേരത്തെ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ സി.പി.എം നേതാവ് യെച്ചൂരി പങ്കെടുത്ത് കോൺഗ്രസ് നേതാക്കളുമായി കൈ കോർത്തതിന് എതിരെയാണ് ബൽറാം പോസ്റ്റിട്ടിരുന്നത്. ക്ഷണിക്കുക എന്നത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി എന്നായിരുന്നു ബൽറാമിന്റെ പോസ്റ്റ്. ഇതിന് എതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ബൽറാം പോസ്റ്റ് പിൻവലിക്കുകയും താൻ ഉദ്ദേശിച്ച അർത്ഥമല്ല പോസ്റ്റിലൂടെ വിനിമയം ചെയ്യപ്പെട്ടത് എന്ന് വ്യക്തമാക്കി പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. എന്നാൽ ബൽറാമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സി.പി.എം സഹയാത്രികനും എം.എൽഎയുമായ കെ.ടി ജലീൽ. 
ബൽറാമിന്റെ മാതാവ് മരിച്ച സമയത്ത് ആരും ക്ഷണിക്കാതെ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നുവെന്നും വരുന്നവർക്ക് കരുതിയ ദാഹജലം കുടിക്കാത്തത് ഭാഗ്യമായെന്ന് ഇപ്പോൾ തോന്നുന്നുവെന്നുമാണ് ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. 
ജലീലിന്റെ വാക്കുകൾ: 
കോൺഗ്രസ് മഹത്തായ പാരമ്പര്യമുള്ള പാർട്ടിയാണ്. ആ പാർട്ടിയുടെ പുത്തൻകൂറ്റുകാരായ സംസ്ഥാന നേതാക്കൾ സംഘടനയുടെ വാർഡ് പ്രസിഡണ്ടാകാൻ പോലും യോഗ്യതയില്ലാത്തവരാണെന്ന് പറയേണ്ടി വന്നതിൽ ദു:ഖമുണ്ട്. 
ഇനിമേലിൽ കോൺഗ്രസ് നേതാക്കൾ എന്തെങ്കിലും ചടങ്ങിന് ക്ഷണിക്കുന്നത് മര്യാദയുടെ ഭാഗമാണെന്ന് ക്ഷണിതാക്കൾ കരുതണം. എങ്ങാനും സൗഹൃദത്തിന്റെ പേരിൽ ചടങ്ങിൽ പങ്കെടുത്താൽ തൊലിക്കട്ടി അളന്ന് തിട്ടപ്പെടുത്താൻ കെ.പി.സി.സി ഭാരവാഹിയുടെ നേതൃത്വത്തിൽ അവിടെ ഒരുസംഘമുണ്ടാകും.
ഈ നേതാവിന്റെ മാതാവ് മരണപ്പെട്ട വാർത്തയറിഞ്ഞ് ആരും ക്ഷണിക്കാതെ ഞാനും അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. വരുന്നവർക്ക് ദാഹജലം അവിടെ കരുതിയിരുന്നു. ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല. കുടിച്ചിരുന്നെങ്കിൽ എന്റെ 'തൊലിക്കട്ടി'യും ടിയാൻ അളന്നേനെ. മേലിൽ കോൺഗ്രസ്സുകാർ എന്തെങ്കിലും പരിപാടിക്ക് ക്ഷണിച്ചാൽ നൂറുവട്ടം ആലോചിച്ചേ പോകാവൂ. വെറുതെ തൊലിക്കട്ടി അളക്കാൻ അവസരമുണ്ടാക്കി കൊടുക്കേണ്ടല്ലോ?

Latest News