Sorry, you need to enable JavaScript to visit this website.

റിയാദില്‍ കുടുങ്ങിയ ഒമ്പത് തൊഴിലാളികള്‍ നാടണഞ്ഞു

സാമുഹ്യപ്രവര്‍ത്തകരായ അയൂബ് കരൂപടന്ന, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ തൊഴിലാളികള്‍ക്കൊപ്പം.
റിയാദ് - സ്‌പോണ്‍സറുടെ പിടിവാശി മൂലം ജോലിയോ ശമ്പളമോ നാട്ടില്‍ പോകാനോ കഴിയാതെ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരായ ഒമ്പത് തൊഴിലാളികളെ ചാരിറ്റി ഓഫ് പ്രവാസി മലയാളി ഇടപെടല്‍ മൂലം നാട്ടിലെത്തിച്ചു. റിയാദിലെ ഒരു കോഫി ഷോപ്പിലെ ഇന്ത്യക്കാരായ ഒമ്പത് ജീവനക്കാര്‍ക്കാണ് ദുരിതമനുഭവിക്കേണ്ടി വന്നത്. സൗദി പൗരന്മാര്‍ ഹുക്ക വലിക്കാനും ഖാവ കുടിക്കാനുമായി എത്തുന്ന ഈ സ്ഥാപനത്തിന്റെ ചുമതല കൊല്ലം സ്വദേശിയായ മലയാളിക്കായിരുന്നു. പെട്ടെന്നൊരു ദിവസം ചില സാമ്പത്തിക വിഷയവുമായി സ്‌പോണ്‍സറും മാനേജരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിറ്റേ ദിവസം മാനേജറെ പോലീസ് അറസ്റ്റ് ചെയ്ത് മലസ് ജയിലിലടച്ചു.
തുടര്‍ന്ന് എട്ടുമാസത്തോളം തൊഴിലാളികള്‍ക്കു ശമ്പളം ലഭിക്കാതായി. ആറു മാസം കഴിഞ്ഞപ്പോള്‍ തന്നെ എല്ലാവരുടെയും ഇഖാമയുടെ കാലാവധി അവസാനിച്ചിരുന്നു. പുതുക്കി നല്‍കാന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും സ്‌പോണ്‍സര്‍ ഇഖാമ പുതുക്കി നല്‍കാന്‍ തയാറായില്ല. ആഹാരത്തിനു പണമില്ലാതെ ജീവിതം നരകതുല്യമായപ്പോള്‍ ഇവര്‍ സഹായം തേടി ഇന്ത്യന്‍ എംബസിയിലെത്തി. പരാതി സ്വീകരിച്ച എംബസി ഉദ്യോഗസ്ഥര്‍ സ്‌പോണ്‍സറുമായി പലതവണ വിഷയം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സഹകരിക്കാന്‍ തയ്യാറായില്ല. പിന്നീട് വിഷയം പരിഹരിക്കാനും അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കാനും എംബസി ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡന്റ് അയൂബ് കരൂപ്പടന്നയെ ചുമതലപ്പെടുത്തി. അദ്ദേഹം സംഘടനയുടെ മുഖ്യ ഉപദേഷ്ടാവായ ജയന്‍ കൊടുങ്ങല്ലൂരുമായി ചേര്‍ന്ന് തൊഴിലാളികളുമായി അവരുടെ വിവരങ്ങള്‍ ശേഖരിച്ചു.
സാമൂഹ്യപ്രവര്‍ത്തകര്‍ സ്‌പോണ്‍സറുമായി നിരന്തരം ചര്‍ച്ച നടത്തിയിട്ടും അദ്ദേഹം പ്രശ്‌നപരിഹാരത്തിന് മുന്നോട്ട് വന്നില്ല. നിങ്ങള്‍ എന്തൊക്കെ ചെയ്താലും ഇന്ത്യക്കാരായ ഒരു തൊഴിലാളിയേയും 20 കൊല്ലം കഴിയാതെ നാട്ടിലയക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹവുമായി സംസാരിച്ചതുകൊണ്ട് ഫലമില്ലായെന്ന് ബോധ്യമായപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നിയമപരമായ നടപടിയിലേക്കു നീങ്ങി. ഇന്ത്യന്‍ എംബസിയുടെ പരിപൂര്‍ണ സഹായവും അസീസിയ പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള സഹായവും കൂടി ലഭിച്ചപ്പോള്‍ ലേബര്‍ കോടതിയിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിച്ചു.
ലേബര്‍ കോടതി നടപടി കാരണം സ്‌പോണ്‍സര്‍ക്കുള്ള തൊഴില്‍ മന്ത്രാലയ സേവനം റദ്ദായി. തുടര്‍ന്ന് അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തകരുമായി ഒത്തുതീര്‍പ്പിനു തയാറായി. ജോലി ചെയ്ത കാലയളവിലെ ശമ്പളം മുഴുവനും തൊഴിലാളികള്‍ക്ക് നല്‍കുകയും ഫൈനല്‍ എക്‌സിറ്റ് അടിച്ച് എല്ലാ തൊഴിലാളികളെയും നാട്ടിലേക്ക് അയക്കാന്‍ സാഹചര്യം ഒരുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒമ്പത് പേരും നാട്ടിലേക്ക് പോയി.
 
 
 
 

Latest News