തിരുവനന്തപുരം - ഇനി ലോകസഭയിലേക്ക് മത്സരിക്കില്ലെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കിട്ടി എം.എല്‍.എ. സംഘടനാ തലത്തില്‍ ഒതുങ്ങിയുള്ള പ്രവര്‍ത്തനമായിരിക്കും ഇനിയുണ്ടാകുകയെന്നും അദ്ദേഹം ഒരു ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. എം പിയായപ്പോള്‍ ഉള്ളതിനേക്കാള്‍ നന്നായി ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ മുസ്‌ലീം ലീഗ് എന്നും ഉണ്ടായിരുന്നു. എന്നാല്‍ ഇനിയും നന്നായി മുന്നോട്ട് പോകേണ്ടതുണ്ട്.
അതിനായി ദല്‍ഹിയില്‍ ആസ്ഥാനം പണിയുകയെന്നത് ചിരകാല സ്വപ്നമായിരുന്നു. മുസ്‌ലീം ലീഗിന്റെ ദേശീയ ആസ്ഥാനത്തിന്റെ പണി ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യന്‍ മതേതരത്വത്തിനായി പ്രവര്‍ത്തിക്കുകയെന്നതാണ് മുസ്‌ലീം ലീഗിന്റെ ഉദ്ദേശ്യം. ദേശീയ തലത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷ കൈവന്നിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഭരണം നോക്കുകയാണെങ്കില്‍ പകുതിയിലേറെയും പ്രതിപക്ഷത്തിന്റെ കൈയിലാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തോടുള്ള സാധാരണക്കാരുടെ പ്രതികരണമാണ് സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ അലയടിച്ചതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.