തിരുവനന്തപുരം - സര്‍ക്കാറിനെതിരെ നുണകള്‍ പടച്ചുവിടുകയും അത് പല ആവര്‍ത്തി പ്രചരിപ്പിക്കുകയുമാണ് യു ഡി എഫ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് യു ഡി എഫും ബി ജെ പിയും ഒറ്റക്കെട്ടായി നിന്നുകൊണ്ട് സര്‍ക്കാരിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണ്. തെറ്റ് ആര് ചെയ്താലും മുഖം നോക്കാതെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ട്. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ടെണ്ടര്‍ നടപടികളില്‍ ഏറ്റവും കുറഞ്ഞ തുക നല്‍കുന്നവരുമായാണ് കരാര്‍ ഒപ്പിടുന്നത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശക്തികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. അവരുടെ വിശ്വാസ്യതയാണ് തകരുന്നത്. പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യമായ പണം സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ലെന്ന കാര്യം ശരിയാണ്. അതിനാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ യു ഡി എഫ് അധികാരത്തിലിരുന്നത് ദുരന്തമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. എല്ലാ മേഖലയിലും യുഡിഎഫ് കാലത്ത് കേരളം പിറകോട്ട് പോയെന്നും പിണറായി വിജയന്‍ പറഞ്ഞു.