തിരുവനന്തപുരം - കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് പിന്‍വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും കൈപിടിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നില്‍ക്കുന്ന ചിത്രത്തിനൊപ്പം 'ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി' എന്ന് കുറിച്ചതാണ് പിന്‍വലിച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
കര്‍ണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിന്‍വലിക്കുകയാണ്. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരിക്ക് നേതൃത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാന്‍ ഇക്കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സി.പ.ിഎമ്മിന്റെ നേതൃത്വത്തിന് തുടര്‍ന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സി.പി.എം നേതൃത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.