Sorry, you need to enable JavaScript to visit this website.

ജിദ്ദ ഉച്ചകോടി ലക്ഷ്യങ്ങള്‍ കൈവരിച്ചുവെന്ന് അബുല്‍ഗെയ്ത്ത്; സിറിയയുടെ മടക്കം പ്രധാനം

ജിദ്ദ - ജിദ്ദയില്‍ ചേര്‍ന്ന 32-ാമത് അറബ് ഉച്ചകോടി ലക്ഷ്യങ്ങള്‍ കൈവരിച്ചതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു. അറബ് ഉച്ചകോടിയിലേക്കുള്ള സിറിയയുടെ മടക്കമാണ് ജിദ്ദ ഉച്ചകോടിയുടെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ അറബികള്‍ ശക്തമായി ഇടപെടാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ പ്രതീകാത്മകത സിറിയയുടെ അറബ് ഉച്ചകോടിയിലേക്കുള്ള മടക്കം ഉള്‍ക്കൊള്ളുന്നു.
ഉച്ചകോടി യോഗങ്ങള്‍ വളരെ സുഗമവും ശാന്തവുമായിരുന്നു. സിറിയയുടെ മടക്കം സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിലും സിറിയയെ അതിന്റെ സ്വാഭാവിക റോളിലേക്ക് പുനഃസ്ഥാപിക്കുന്നതിലും അത് കടന്നുപോയ പ്രയാസകരമായ സാഹചര്യങ്ങളെ തരണം ചെയ്യുന്നതിലും കൂടുതല്‍ അറബ് ഇടപെടലുകളുടെ തുടക്കമാകുമെന്ന ഉറച്ച ആഗ്രഹവും നിശ്ചയദാര്‍ഢ്യവുമുണ്ട്. അറബ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആശയവിനിമയത്തിന്റെ പാത തെരഞ്ഞെടുക്കാന്‍ അറബികള്‍ ആഗ്രഹിക്കുന്നുവെന്നും പ്രാദേശിക, വിദേശ ശക്തികള്‍ക്ക് അറബ് പ്രശ്‌നങ്ങള്‍ വിട്ടുകൊടുക്കരുതെന്നും ശക്തമായ ഒരു വികാരമുണ്ടെന്നും അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു.
സമകാലിക ചരിത്രത്തിലെ ഏറ്റവും അപകടകരമായ കാലഘട്ടത്തിലൂടെയാണ് അന്താരാഷ്ട്ര സമൂഹം കടന്നുപോകുന്നതെന്ന് അറബ് ഉച്ചകോടിയില്‍ അറബ് ലീഗ് സെക്രട്ടറി ജനറല്‍ പറഞ്ഞു. ചെറുതോ ഒറ്റക്കോ ആയ രാജ്യങ്ങളുടെ ചെലവില്‍ വന്‍ ശക്തികള്‍ തമ്മിലുള്ള ധ്രുവീകരണത്തിന്റെയും മത്സരത്തിന്റെയും സമയമാണിത്. അതിനാല്‍, അറബ് രാജ്യങ്ങള്‍ക്ക് ഈ പ്രയാസകരമായ ചരിത്ര ഘട്ടത്തില്‍, അന്താരാഷ്ട്ര നിലപാടുകളുടെ അടിസ്ഥാന മാനദണ്ഡമായി അറബ് താല്‍പര്യങ്ങള്‍ മുറുകെ പിടിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ധ്രുവീകരണ സമ്മര്‍ദങ്ങളെ നേരിടാനും അറബ് കൂട്ടായ്മ ശക്തിപ്പെടുത്താനും അറബ് രാജ്യങ്ങള്‍ പരസ്പരം ഏകോപനം നടത്തുകയും കൂട്ടായി പ്രവര്‍ത്തിക്കുകയും വേണം. ദുരിതങ്ങളും രക്തച്ചൊരിച്ചിലും വേദനകളും സമ്മാനിച്ച ദശകങ്ങള്‍ക്കു ശേഷവും അറബ് ലോകത്തെ പ്രശ്‌നങ്ങള്‍ക്ക് ഇനിയും പരിഹാരമായിട്ടില്ല. ദശലക്ഷക്കണക്കിന് അറബികള്‍ ഇപ്പോഴും അഭയാര്‍ഥികളും കുടിയിറക്കപ്പെട്ടവരുമാണ്.
ഇവക്കു പുറമെ ഇപ്പോള്‍ സുഡാനില്‍ ഉടലെടുത്ത പ്രതിസന്ധി പുതിയ വേദന സമ്മാനിക്കുന്നു. പരസ്പരം ഏറ്റുമുട്ടുന്ന കക്ഷികള്‍ തമ്മിലെ സായുധ പോരാട്ടത്തിന് സാധാരണക്കാര്‍ കനത്ത വില നല്‍കുന്നു. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനും സുഡാന്റെ അഖണ്ഡതയും ആര്‍ജിത നേട്ടങ്ങളും കാത്തുസൂക്ഷിക്കാനും ദേശീയ സ്ഥാപനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും സുഡാനിലെ വിരുദ്ധ കക്ഷികള്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് ചര്‍ച്ചകളുടെ പാത തെരഞ്ഞെടുക്കണം.
സുഡാനിലെ രക്തച്ചൊരിച്ചില്‍ തടയാനും മുന്‍കാലങ്ങളില്‍ വരുത്തിയ തെറ്റുകള്‍ തിരുത്താനും, ഗ്രൂപ്പുകളുടെയോ വ്യക്തികളുടെയോ സങ്കുചിത താല്‍പര്യങ്ങളല്ല, സുഡാന്‍ ജനതയുടെ പരമോന്നത താല്‍പര്യം തേടുന്ന അറബ് പരിഹാരം സജീവമാക്കാനുള്ള ഒരു തുടക്കമായി ജിദ്ദ ഉച്ചകോടി മാറണം. ആഭ്യന്തര കലഹങ്ങള്‍ നടക്കുന്ന എല്ലായിടങ്ങളിലും രക്തച്ചൊരിച്ചിലും നഷ് ടങ്ങളും തടയാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ആഭ്യന്തര കലഹങ്ങളില്‍ ജയിച്ചവനോ പരാജയപ്പെടുന്നവനോ ഇല്ല.
അറബ് പ്രതിസന്ധികള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ സ്തംഭവനാവസ്ഥയിലാണ്. അറബ് പ്രതിസന്ധികള്‍ക്ക് അറബ് പരിഹാരങ്ങള്‍ സജീവമാക്കാന്‍ ഇത് ഒരു അവസരമാണ്. ഒരു ദശകത്തോളമായി തുടരുന്ന സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അനുയോജ്യമായ സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. ഇത് പാഴാക്കരുത്. രാഷ്ട്രീയ പരിഹാരം മാത്രമാണ് സിറിയന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഏക പോംവഴി. സിറിയന്‍ ജനതയുടെ കെടുതികള്‍ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ അറബികള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറബ് ലീഗ് സെക്രട്ടറി ജനറല്‍ പറഞ്ഞു.

 

Latest News