ബെംഗളൂരു - കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തനിക്കെതിരെ തുടരുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കോൺഗ്രസിന്റെ യുവ വനിതാ എം.എൽ.എ നയന മോട്ടമ്മ ജാഹർ രംഗത്ത്.
വ്യക്തിജീവിതവും രാഷ്ട്രീയവും രണ്ടായി കാണണമെന്ന് അവർ ആവശ്യപ്പെട്ടു. സ്വകാര്യ ചിത്രങ്ങളുടെ കൊളാഷ് അടങ്ങുന്ന വീഡിയോയും അവർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. 'പരാജയത്തിന്റെ ഇച്ഛാഭംഗം നിങ്ങളെ വേട്ടയാടരുത്. രാഷ്ട്രീയവും വ്യക്തിജീവിതവും എന്താണെന്ന് തിരിച്ചറിയാത്ത വിഡ്ഢികൾക്കുള്ള ഉത്തരമാണിത്' എന്ന കുറിപ്പോടെയാണ് എം.എൽ.എ വീഡിയോ പോസ്റ്റ് ചെയ്തത്.
ചിക്കമംഗളൂർ ജില്ലയിലെ മുടിഗെരെ മണ്ഡലത്തിൽ നിന്നുള്ള നയനയുടെ വിജയത്തിന് പിന്നാലെ അവരുടെ സ്വകാര്യ ചിത്രങ്ങൾ സംഘ് പ്രൊഫൈലുകൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ കടുത്ത രോഷമാണ് ഉയരുന്നത്. സംഭവത്തിൽ പോലീസ് കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.
നാഷണൽ ലോ സ്‌കൂളിൽ പഠിച്ച 43-കാരിയായ നയന മോട്ടമ്മ ജാഹർ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ദലിത് ആക്ടിവിസ്റ്റുമായ മോട്ടമ്മയുടെ മകളാണ്. പെൻസിൽവാനിയ സർവകലാശാലയിൽനിന്നാണ് ഇവർ മാസ്റ്റേഴ്‌സ് കരസ്ഥമാക്കിയത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ 185 വനിതാ സ്ഥാനാർത്ഥികൾ ജനവിധി തേടിയതിൽ പത്തു പേരാണ് വിജയിച്ചത്.