മലപ്പുറം - മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ കഴിഞ്ഞ ദിവസമാണ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. എന്നാൽ മലപ്പുറം എന്ന് കേട്ടതോടെ ഒരു പ്രത്യേക സംഘത്തിന് ഹാലിളകി. അവർ പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിഷ പ്രചാരണമായിരുന്നു. മലപ്പുറമല്ലേ, തുപ്പലുണ്ടാകും, ഹലാൽ ഭക്ഷണം കിട്ടിയില്ലേ എന്ന് തുടങ്ങിയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്. മലപ്പുറത്തെയും അവിടെ ജീവിക്കുന്ന മനുഷ്യർക്ക് നേരെയും കാലങ്ങളായി തുടരുന്ന വിദ്വേഷം തന്നെയാണ് ഈ വിഷയത്തിലും ചില കോണുകളിൽനിന്നുള്ളവർ ഉയർത്തിയത്. മലപ്പുറത്ത് ആർക്ക് എന്തു സംഭവിച്ചാലും അത് ആഘോഷിക്കുകയാണ് ഒരു വിഭാഗം. മലപ്പുറം താനൂരിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സമയത്തും ഇതുപോലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
മലപ്പുറം മാറഞ്ചേരിയിൽ ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളത്. ഭക്ഷ്യവിഷബാധയേറ്റിരുന്നെങ്കിലും ആരുടെയും നില ഗുരുതരമായിരുന്നില്ല.