Sorry, you need to enable JavaScript to visit this website.

ബിഷപ്പ് 13 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീ; പോലീസ് കേസെടുത്തു

കോട്ടയം - ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെതിരെ കന്യാസ്ത്രീയുടെ പീഡന പരാതി. 2014 ല്‍ കുറവിലങ്ങാട് വെച്ച് ജലന്ധര്‍ ബിഷപ്പ് 13 തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇവിടെയുളള ഓള്‍ഡ് ഏജ് ഹോമിനടുത്തുളള കേന്ദ്രത്തില്‍വച്ചായിരുന്നു പീഡനം. സഭാ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
അതേസമയം, ജലന്ധര്‍ ബിഷപ്പും പോലീസില്‍ പരാതി നല്‍കി. കന്യാസ്ത്രീയെ സ്ഥലം മാറ്റിയതിലും മറ്റുമുളള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് ബിഷപ്പ് പറയുന്നത്.  രണ്ടു പരാതികളും പരിഗണിച്ച പോലീസ് കേസ് അന്വേഷണത്തിന് വൈക്കം ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. റോമന്‍ കത്തോലിക്കാ വിഭാഗത്തിലെ ജലന്ധര്‍ രൂപതയുടെ ബിഷപ്പായി 2013 മുതല്‍ സേവനം ചെയ്യുന്നു.

സീറോ മലബാര്‍ സഭയുടെ പഞ്ചാബ് ജലന്ധര്‍ രൂപത അധ്യക്ഷനും തൃശൂര്‍ സ്വദേശിയുമായ ഫ്രാങ്കോ മുളയ്ക്കല്‍ രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തതയാണ് കന്യാസ്ത്രീയുടെ പരാതി. പീഡന വിവരം പുറത്തു പറയുമെന്നു പറഞ്ഞ തന്നെ സഭയില്‍നിന്നു പുറത്താക്കാന്‍ ശ്രമിച്ച ബിഷപ്പ്, അച്ചടക്ക നടപടിയെടുത്തതായും പരാതിയില്‍ പറയുന്നു. പീഡനത്തെപ്പറ്റി പരാതിപ്പെടുകയും, ബിഷപ്പിനെ ഫോണില്‍ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്ത തന്റെ സഹോദരനെതിരെ ബിഷപ്പ് കള്ളക്കേസ് കൊടുത്തതായും കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. ഇവരുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ ബിഷപ്പിനെതിരെ
കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെ ജലന്ധറിലായിരുന്നു കന്യാസ്ത്രീ. ഈ സമയത്ത് ഇതേ ബിഷപ്പും അവിടെയുണ്ടായിരുന്നു. ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്നതിനാല്‍ തന്നെ വിവിധ അവകാശങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. അവിടെ വെച്ച് ലൈംഗിക ആംഗ്യങ്ങളും സംസാരവും ഇദ്ദേഹത്തില്‍ നിന്നുണ്ടായിരുന്നു.
ഭീഷണിപ്പെടുത്തിയാണ് തന്നെ ലൈംഗിക ആവശ്യങ്ങള്‍ ഉപയോഗിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതി ഉന്നയിക്കുമെന്നു വന്നതോടെ തനിക്കെതിരെ സ്വഭാവദൂഷ്യവും, മറ്റു ക്രമക്കേടുകളും ഉന്നയിച്ച് നടപടിയെടുത്തു. പിന്നീട് താന്‍ കുറവിലങ്ങാട്ടെ  കോണ്‍വെന്റില്‍ എത്തി. ഇവിടെ വിരുന്നിന് എത്തിയ ദിവസം ബീഷപ്പ് പീഡിപ്പിച്ചതായാണ് കന്യാസ്ത്രീയുടെ പരാതി. ബിഷപ്പിന്റെ പീഡനത്തെപ്പറ്റി പരാതി പറയാനെത്തിയ തന്റെ സഹോദരനെതിരെ ബിഷപ്പ് പരാതി നല്‍കി. ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നതായാണ് പരാതിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നു പോലീസ് ഈ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

ഇതോടെയാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കാന്‍ രംഗത്ത് എത്തിയയത്. എന്നാല്‍, മധ്യപ്രദേശില്‍ ജോലി ചെയ്തിരുന്ന സമയത്ത് കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തിരുന്നുവെന്നതാണ്  സഭയുടെ നിലപാട്. ബിഷപ്പ് ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്. ബിഷപ്പിനെ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് കന്യാസ്ത്രീയുടെ സഹോദരനെതിരെ കേസെടുത്തതെന്നും സഭ വ്യക്തമാക്കുന്നു. എന്നാല്‍, ബിഷപ്പും കന്യാസ്ത്രീയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതോടെയാണ് കന്യാസ്ത്രീക്കെതിരെ നേരത്തെ നടപടിയെടുത്തതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

 

Latest News