വടകര- ഓട്ടിസത്തിന് പുറമെ 80 ശതമാനം വൈകല്യവും ബാധിച്ച സജ്‌നക്ക് വീല്‍ച്ചെയര്‍ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കി ജില്ലാ കലക്ടര്‍ എ ഗീത. വീല്‍ച്ചെയറിനും വീടിന്റെ നവീകരണ പ്രവൃത്തിക്കുള്ള ധനസഹായത്തിനും മുടങ്ങിപ്പോയ ആശ്വാസകിരണം അനുവദിക്കണമെന്നുമുള്ള അപേക്ഷയുമായിട്ടായിരുന്നു നാദാപുരം പഞ്ചായത്തിലെ പനയുള്ള പറമ്പത്ത് ലക്ഷം വീട് കോളനിയിലെ ശ്യാമള കരുതലും കൈത്താങ്ങും അദാലത്തിനെത്തിയത്.
23 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ട ശ്യാമള ഓട്ടിസം ബാധിച്ച 39 വയസ്സുകാരിയായ മകള്‍ക്കൊപ്പം തകര ഷീറ്റിട്ട വീടിലാണ് കഴിയുന്നത്. ഷീറ്റിന്റെ ചൂടുകാരണം മകള്‍ ഏറെ പ്രയാസപ്പെടുകയാണെന്നും തറ മിനുസപ്പെടുത്താത്തത് കാരണം നേരിടുന്ന പ്രയാസങ്ങളും അവര്‍ കലക്ടറുടെ മുമ്പില്‍ വിവരിച്ചു.
മകള്‍ക്ക് സഞ്ചരിക്കാന്‍ ഒരു വീല്‍ച്ചെയര്‍ വേണമെന്ന ആവശ്യം എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. കൂടാതെ വീട് നവീകരണത്തിന് പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെയും മുടങ്ങിപ്പോയ ആശ്വാസകിരണം ധനസഹായം ഉറപ്പുവരുത്താന്‍ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെയും കലക്ടര്‍ ചുമതലപ്പെടുത്തി. അദാലത്തില്‍ തന്റെ പരാതി പരിഗണിച്ച ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും നന്ദി അറിയിച്ചായിരുന്നു ശ്യാമള വടകരയില്‍ നിന്നും മടങ്ങിയത്.