ജിദ്ദ - റഷ്യയുടെ അതിമോഹങ്ങള്‍ക്ക് ഉക്രൈന്‍ കീഴ്‌പ്പെടില്ലെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. 32-ാമത് അറബ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഉക്രൈന്‍ പ്രസിഡന്റ്. മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ ഉക്രൈന്‍ ഇതുവരെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. ഞങ്ങളുടെ രാജ്യത്ത് നടക്കുന്നത് യുദ്ധമാണ്. അത് വെറും സംഘര്‍ഷമല്ല. ഉക്രൈന്‍ തടവുകാരുടെ മോചനത്തിന് സൗദി അറേബ്യ നടത്തിയ മധ്യസ്ഥശ്രമങ്ങളെ ഞങ്ങള്‍ വിലമതിക്കുന്നു.
ഉക്രൈനില്‍ അറബ് രാജ്യങ്ങള്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും സെലന്‍സ്‌കി പറഞ്ഞു. യുദ്ധം തുടരാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. സ്വന്തം ഭൂമി കൈമാറാന്‍ ആരും സമ്മതിക്കില്ല. ഞങ്ങളുടെ തുറമുഖങ്ങള്‍ക്കു മേല്‍ റഷ്യ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം അവസാനിപ്പിക്കാന്‍ ശ്രമിച്ചുവരികയാണെന്നും ഉക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.
ഉക്രൈന്‍ ജനത ഒരിക്കലും യുദ്ധത്തിന്റെ പാത തെരഞ്ഞെടുത്തിട്ടില്ല. ഉക്രൈന്‍ ജനതക്കും ഉക്രൈനിലെ മുസ്‌ലിംകള്‍ക്കും സംരക്ഷണം നല്‍കാന്‍ അറബ് രാജ്യങ്ങള്‍ ഞങ്ങളെ സഹായിക്കണമെന്നാണ് പ്രത്യാശിക്കുന്നത്. റഷ്യന്‍ യുദ്ധം കാരണം ഉക്രൈനില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ ദുരിതങ്ങളനുഭവിക്കുന്നു. ഒരു രാജ്യത്തും ആക്രമണകാരികള്‍ പ്രവേശിക്കുന്നത് നിങ്ങള്‍ അംഗീകരിക്കില്ല എന്ന കാര്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്. ആയിരക്കണക്കിന് കുട്ടികള്‍ കെടുതികള്‍ അനുഭവിക്കുന്നത് കാണുന്നതും നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ലക്ഷക്കണക്കിന് ഉക്രൈന്‍ കുട്ടികളെ റഷ്യയിലേക്ക് മാറ്റിയിട്ടുണ്ട്. സ്വന്തം സ്വത്വം മായ്ച്ചുകളയാന്‍ വേണ്ടി അവരെ റഷ്യന്‍ ഭാഷ പഠിപ്പിക്കാന്‍ റഷ്യക്കാര്‍ ശ്രമിക്കുന്നു. ബ്ലാക്ക്‌മെയിലിംഗിനും അടിച്ചമര്‍ത്തലിനും ആണവ ശേഷി ഉപയോഗിക്കുന്നത് നിങ്ങള്‍ അംഗീകരിക്കില്ല എന്ന് എനിക്കുറപ്പുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. ഉക്രൈന്‍ പ്രസിഡന്റ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നതും അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതും ആദ്യമാണ്.