ജിദ്ദ - അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള വൈദേശിക ഇടപെടലുകള്‍ തടയണമെന്ന് സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ് ജിദ്ദ അറബ് ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ അറബ്-അറബ് സമവായത്തോടൊപ്പമാണ്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നതിനു മുമ്പ് അവക്ക് പരിഹാരം കാണാന്‍ ശ്രമിക്കണം. അറബ് ലോകം അപകടങ്ങള്‍ക്കു മുന്നിലാണ്. ഫലസ്തീന്‍ പ്രശ്‌നം കൈകാര്യം ചെയ്ത് നമ്മുടെ സ്ഥിതിഗതികള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്. അറബ് രാജ്യങ്ങളില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളില്‍ അറബ് ലീഗ് വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് സിറിയന്‍ പ്രസിഡന്റ് പറഞ്ഞു. ഫലസ്തീനിലും ലിബിയയിലും സിറിയയിലും സുഡാനിലും യെമനിലും നടക്കുന്ന പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ച ബശാര്‍ അല്‍അസദ്, ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാതെ രാജ്യങ്ങളെ നമുക്ക് സഹായിക്കാന്‍ കഴിയുമെന്ന് പറഞ്ഞു. ജിദ്ദ ഉച്ചകോടിയുടെ ഫലങ്ങള്‍ അറബ് ലോകത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അറബ് ലോകത്ത് അനുരഞ്ജനം പ്രോത്സാഹിപ്പിച്ചതിന് സൗദി അറേബ്യക്ക് നന്ദി പറയുന്നതായും ബശാര്‍ അല്‍അസദ് കൂട്ടിച്ചേര്‍ത്തു.
അറബ് ലോകത്തുണ്ടായ വിള്ളലുകളാണ് മേഖലയിലെ പ്രതിസന്ധികള്‍ക്ക് കാരണമായത്. കാലത്തിനനുസരിച്ച് അറബ് ലീഗിന്റെ പ്രവര്‍ത്തന സംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. അറബ് രാജ്യങ്ങളുടെ സ്ഥിതിഗതികള്‍ പുനഃക്രമീകരിക്കാനുള്ള ചിത്രപരമായ അവസരമാണ് നമുക്ക് മുന്നിലുള്ളത്. അറബ് രാജ്യങ്ങളുടെ കാര്യങ്ങളിലുള്ള ബാഹ്യഇടപെടലുകള്‍ തടയണം. അറബ്-അറബ് അനുരഞ്ജനവും സംയുക്ത സഹകരണത്തിന്റെ പുതിയ ഘട്ടത്തിന്റെ തുടക്കവും പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായും സിറിയന്‍ പ്രസിഡന്റ് പറഞ്ഞു.