ജിദ്ദ - സൗദിയില്‍ കഴിയുന്ന ബര്‍മക്കാര്‍ക്ക് പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കാന്‍ കരാര്‍ ഒപ്പുവെച്ചതായി സൗദി അറേബ്യയും പാക്കിസ്ഥാനും അറിയിച്ചു. സൗദി പ്രതിനിധികളും പാക് ആഭ്യന്തര മന്ത്രാലയ പ്രതിനിധികളും അടങ്ങിയ കമ്മിറ്റിയാണ് വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായി ബര്‍മക്കാര്‍ക്ക് പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുക. സൗദി ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിര്‍ അല്‍ദാവൂദിന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെയാണ് ഇതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
ഹജ് തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടികള്‍ സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി സ്വദേശങ്ങളില്‍ വെച്ച് പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി ഈ വര്‍ഷം മുതല്‍ പാക്കിസ്ഥാനില്‍ നടപ്പാക്കാനുള്ള കരാറിലും ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയും പാക്കിസ്ഥാനും ഒപ്പുവെച്ചിരുന്നു. ഇസ്‌ലാമാബാദ് എയര്‍പോര്‍ട്ട് വഴി പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്ന 26,000 തീര്‍ഥാടകര്‍ക്ക് ആദ്യ ഘട്ടത്തില്‍ പദ്ധതി പ്രയോജനം ലഭിക്കും. കറാച്ചി, ലാഹോര്‍ എയര്‍പോര്‍ട്ടുകളിലേക്കും പിന്നീട് പദ്ധതി വ്യാപിപ്പിക്കും.