Sorry, you need to enable JavaScript to visit this website.

ശോഭയുടെ മരണം: ഒരാള്‍ കൂടി അറസ്റ്റില്‍

ശോഭ-

മാനന്തവാടി-കുറുക്കന്‍മൂല കളപ്പുര കോളനിയിലെ ശോഭയുടെ(28) മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.കുറുക്കന്‍മൂല മഞ്ഞൂരാന്‍ വീട്ടില്‍ കുഞ്ഞാവ എന്ന ജിജോയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസില്‍ കുറുക്കന്‍മൂല സ്വദേശി ജിനു ജോസഫിനെ നേരത്തേ ലോക്കല്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 2020 ഫെബ്രുവരി മൂന്നിനു പുലര്‍ച്ചെ കളപ്പുര കോളനിക്കു സമീപം വയലിലാണ് ശോഭയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.  ശോഭയുടെ മാതാവ് അമ്മിണി ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് 2020 ഡിസംബര്‍ 18നു കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.
വൈദ്യുതാഘാതമേറ്റാണ് ശോഭയുടെ മരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍. ശോഭ മദ്യം കഴിച്ചിരുന്നതായും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ശോഭ കൊല്ലപ്പെടുകയായിരുന്നുവെന്നതിനു സൂചനകള്‍ ഉണ്ടായിട്ടും അപകടമരണമായി ചിത്രീകരിക്കാന്‍ ലോക്കല്‍ പോലീസ് ശ്രമിക്കുന്നുവെന്നു ആരോപിച്ചാണ് മാതാവ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. ശോഭയെ മരിച്ച നിലയില്‍ കണ്ട വയലിന്റെ ഉടമയാണ് ആദ്യം അറസ്റ്റിലായ ആള്‍.  
മരിച്ചനിലയില്‍ കണ്ടതിന്റെ തലേന്നു രാത്രി ഫോണ്‍ വന്നതിനു പിന്നാലെയാണ് ശോഭ വീടിനു പുറത്തുപോയത്. സൗഹൃദത്തിലായിരു സമീപവാസിയായ യുവാവാണ് ഫോണ്‍ ചെയ്തത്. പ്രദേശവാസികളില്‍ ഒരാളാണ് മൃതദേഹം ആദ്യം കണ്ടത്. പുലര്‍ച്ചെ അഞ്ചോടെ പുല്ലരിയാന്‍ വയലില്‍ പോയപ്പോഴാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടതൊണ്  ഇദ്ദേഹം പോലീസിനു മൊഴി നല്‍കിയത്. ശോഭയ്ക്കു വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണമായി പറയുന്ന വേലി പോലീസ് എത്തിയപ്പോള്‍ വയലില്‍ ഉണ്ടായിരുന്നില്ല. പോലീസ് എത്തും മുമ്പേ സ്ഥലം ഉടമ വേലി മാറ്റിയിരുന്നു. ശോഭയെ മദ്യം കുടിപ്പിച്ചു അവശയാക്കിയശേഷം ചുമന്നു വയലിലെത്തിച്ചു വൈദ്യുത വേലിയില്‍ കിടത്തി ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തിയെന്ന സംശയമാണ് കോളനിക്കാര്‍ക്കുള്ളത്.

 

Latest News