കൊല്ലം - കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. കോട്ടയത്ത് രാവിലെ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രവാസിയായ കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസാണ് (65) മരിച്ച മൂന്നാമത്തെയാള്‍. കഴിഞ്ഞ ദിവസമാണ് സാമുവല്‍ വര്‍ഗീസ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ കാട്ടുപോത്തിന്റെ പിന്നില്‍നിന്നുള്ള ആക്രമണമേറ്റാണ് സാമുവല്‍ വര്‍ഗീസ് മരിച്ചത്.
കോട്ടയും എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഇന്ന് രാലിലെ രണ്ടു പേര്‍ മരിച്ചിരുന്നു. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണ് മരിച്ചത്. കണമല അട്ടിവളവിന് സമീപമാണ് ആക്രമണം ഉണ്ടായത്. ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. തോമാച്ചന്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി. തോമാച്ചന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് നാട്ടുകാര്‍ പറഞ്ഞു.