കണ്ണൂര്‍- കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കല്‍ രാജകുടുംബത്തിലെ 38ാം അവകാശി ആദി രാജ ഫാത്തിമ മുത്തു ബീവി ഞായറാഴ്ച അധികാരമേല്‍ക്കും. അംശവടിയും വാളും പരിചയും തട്ടകുടയും രാജഭരണത്തിന്റെ മറ്റു ശേഷിപ്പുകളെല്ലാം ഔദ്യോഗികമായി ഏറ്റെടുക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ജില്ലാ കലക്ടറും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും വില്ലേജ് ഓഫീസര്‍മാരും പോലീസ് ഓഫീസര്‍മാരും പൗര പ്രമുഖരും എത്തും. നാട്ടുകാരും ചടങ്ങില്‍ പങ്കെടുക്കും.
രാജകുടുംബത്തിന്റെ ഭരണാധികാരിയായിരുന്ന സുല്‍ത്താന അറക്കല്‍ ആദി രാജ സൈനബ ആയിഷ ബീവി(93)യുടെ നിര്യാണത്തെ തുടര്‍ന്നാണ് അധികാക്കൈമാറ്റം. 2006-ല്‍ 37ാമത് അവകാശിയായി അധികാരമേറ്റ ഇവര്‍ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. ആയിഷ ബീവിക്കു വേണ്ടി ഭരണ ചുമതലകള്‍ വഹിച്ചിരുന്ന മകന്‍ ആദി രാജ മുഹമ്മദ് റാഫിയും കുടുംബവുമാണ് രാജഭരണ ശേഷിപ്പുകള്‍ പുതിയ അധികാരിക്ക് കൈമാറുക. ഞായറാഴ്ച നടക്കുന്ന ചടങ്ങില്‍ തുടര്‍ ഭരണാവകാശികളേയും പ്രഖ്യാപിക്കും. സ്ത്രീകള്‍ പരമാധികാരികളായി വരുന്ന രീതിയാണ് ഈ രാജവംശത്തിന്റേത്.