തിരുവനന്തപുരം-എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ സുരക്ഷയിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ഐ.ജി. പി. വിജയനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പ്രതി ഷാരൂഖ് സെയ്ഫിയുടെ വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കേരള പോലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന പി. വിജയനെ കഴിഞ്ഞമാസം തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി പി. വിജയന്‍ ബന്ധപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ നടപടിക്ക് കാരണം.
എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ മനോജ് കുമാറിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
സുരക്ഷാ വീഴ്ചയില്‍ തുടരന്വേഷണത്തിന് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി പി പത്മകുമാറിനെ ചുമതലപ്പെടുത്തി.
ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇയാളുടെ തീപ്പൊള്ളലേറ്റ ചിത്രവും മറ്റും പ്രചരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും ഷാരൂഖ് സെയ്ഫിയെ മുംബൈയില്‍നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി വിജയനും ഗ്രേഡ് എസ്.ഐ മനോജ് കുമാറും ബന്ധപ്പെട്ടിരുന്നതായി എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.