എടക്കര-ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ ടി.പി. റീനയെ തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റായിരുന്ന എം.കെ. നജ്മുന്നിസയെ കൂറുമാറ്റ നിരോധന നിയമപ്രകാരം പഞ്ചായത്തംഗത്വത്തില്‍ നിന്നു അയോഗ്യയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ
തെരഞ്ഞെടുക്കേണ്ടി വന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ 19 അംഗങ്ങളില്‍ പത്തു പേര്‍ ഇടത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ടി.പി റീനയെ പിന്തുണയ്ക്കുകയായിരുന്നു. യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മുസ്ലിം ലീഗിലെ നിഷിദ മുഹമ്മദലിക്കെതിരെയാണ് റീനയുടെ വിജയം. റീന പത്തു വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി
യു.ഡി.എഫിന്റെ നിഷിദ മുഹമ്മദാലിക്ക് ലഭിച്ചത് ഒമ്പതു വോട്ടുകളാണ്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റീന തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി നിലമ്പൂര്‍ താലൂക്ക് ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ എ.ജയശ്രീ പ്രഖ്യാപിച്ചു. തുടര്‍ന്ന് പുതിയ പ്രസിഡന്റിന് സത്യവാചകവും ചൊല്ലികൊടുത്തു. തുടര്‍ന്നു അധികാരമേല്‍ക്കുകയും ചെയ്തു.
പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കാട്ടിലപ്പാടത്തു നിന്നുള്ള അംഗമാണ് ടി.പി. റീന. ഇരുപത് വാര്‍ഡുകളുള്ള ചുങ്കത്തറ പഞ്ചായത്തില്‍ മുന്‍ പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യനെതിരെ ഇടതുപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയും പ്രസിഡന്റ് സ്ഥാനത്ത് നിന്നു ഇവരെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്നു കൂറുമാറി സി.പി.എമ്മിനെ പിന്തുണച്ച ലീഗ് അംഗം എം.കെ നജ്മുന്നീസയെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. യു.ഡി.എഫ് അംഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നജ്മുന്നീസയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയത്.