ലോകത്തെ ജീവജാലങ്ങളുടെ നിലനിൽപു തന്നെ ജലത്തെ ആശ്രയിച്ചാണ്. വരുംകാലത്തെ യുദ്ധങ്ങൾ ജലത്തിനായുള്ള പോരാട്ടത്തിന്റേതായിരിക്കുമെന്നാണ് പ്രവചനം. അത് ഏതാണ്ട് കണ്ടു തുടങ്ങി. പലയിടത്തും ജനങ്ങൾക്കാവശ്യമായ കുടിവെള്ളം പോലും നൽകാൻ ഭരണ കർത്താക്കൾക്കാവുന്നില്ല. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ലോകത്തിലെ വരൾച്ച നഗരമായി പ്രഖ്യാപിക്കപ്പെട്ടതായാണ് റിപ്പോർട്ട്. വെള്ളമില്ലാത്തതിനാൽ വെള്ളം നൽകാനാവില്ലെന്ന നിലപാടിലേക്ക് സർക്കാരുകൾ നീങ്ങുകയാണ്. 44 നദികളും ആറു മാസം തുടർച്ചയായി മഴയുമുള്ള കൊച്ചു കേരളത്തിൽ പോലും വേനൽക്കാലം കൊടുംവരൾച്ചയുടേതായി മാറുകയാണ്. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്ന പ്രദേശങ്ങൾ വർധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഗൾഫ് നാടുകളിലെ അവസ്ഥ എന്തായിരിക്കുമെന്നായിരിക്കും പലരും ചിന്തിക്കുക.
എന്നാൽ മരുഭൂമിയായ ഗൾഫിൽ ജീവിക്കുന്നവരാരും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നതായോ പ്രയാസം ഉള്ളതായോ അനുഭവങ്ങൾ പങ്കുവെച്ചു കാണാറില്ല. ഇവിടങ്ങളിലെ ഭരണ കർത്താക്കൾ ജനങ്ങൾക്കാവശ്യമായ കുടിവെള്ളം മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ വെള്ളം കൂടി ലഭ്യമാക്കുന്ന പദ്ധതികളാണ് നടപ്പാക്കി വരുന്നത്. അതിനായി അവർ മഴയിലൂടെ ലഭിക്കുന്ന വെള്ളം പാഴാവാതെയും കൃത്രിമ മഴ പെയ്യിച്ച് ജലദൗർലഭ്യം കുറക്കാനും കോടികളാണ് ചെലഴിക്കുന്നത്. ഇതിനായി ദീർഘദൃഷ്ടിയോടെയുള്ള പദ്ധതികളും പരിപാടികളുമാണ് അവർ ആവിഷകരിക്കുന്നത്. ഇക്കാര്യത്തിൽ സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്ന നിലപാട് ഏറെ പ്രശംസനീയവും ശ്രദ്ധേയവുമാണ്.
മഴക്കു വേണ്ടിയുള്ള പ്രാർഥനക്കാണ് മുൻഗണനയെങ്കിലും ഇന്ന് കൃത്രിമ മാർഗങ്ങളും മഴക്കു വേണ്ടി അവലംബിക്കാറുണ്ട്. പ്രകൃതി കനിഞ്ഞരുളി നൽകുന്ന മഴയേക്കാൾ സുന്ദരവും ജലസുലഭതയും കൃത്രിമ മഴക്കുണ്ടാവില്ലെങ്കിലും പല രാജ്യങ്ങളും കൃത്രിമ മഴയെ ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു. കൃത്രിമ മഴ പെയ്യിക്കാൻ ഇന്ന് ലോകമെമ്പാടും പ്രയോഗിക്കപ്പെടുന്നത് ക്ലൗഡ് സീഡിങ് എന്ന വിദ്യയാണ്. മേഘങ്ങളിൽ നടത്തുന്ന ഒരുതരം വിത്തു വിതയ്ക്കലാണിത്. ആഗോള തലത്തിൽ വലിയ കച്ചവടമായി ഇതു മാറിയിരിക്കുകയാണ്. ലോകത്തെ 34 സ്വകാര്യ കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നതായാണ് കണക്ക്. ക്ലൗഡ് സീഡിംഗിലൂടെ കൃത്രിമ മഴ പെയ്യിക്കുന്നതിൽ മുന്നിൽ ചൈനയാണെങ്കിലും ഇക്കാര്യത്തിൽ യു.എ.ഇയും ഒട്ടും പിന്നിലല്ല. എന്നാൽ സൗദിയും ഇപ്പോൾ ഈ നിരയിലേക്ക് കടന്നിരിക്കുകയാണ്. രണ്ടു വർഷം മുൻപ് കേരളവും ഇതേക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും അതു പ്രാവർത്തികമായി കണ്ടില്ല. എന്നാൽ ഇന്ത്യയിലെ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ ഇതു പരീക്ഷിച്ചിട്ടുമുണ്ട്. അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. മഴ പെയ്യുവാൻ വേണ്ടി വിമാനങ്ങളുടെ സഹായത്തോടെ സിൽവർ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാർബൺ ഡയോക്സൈഡ്) തുടങ്ങിയ രാസപദാർഥങ്ങൾ മേഘങ്ങളിലേക്ക് പായിച്ചാണ് കൃത്രിമ മഴയുണ്ടാക്കുന്നത്. കൃത്രിമ മഞ്ഞ് വരുത്തുന്നതിനും മൂടൽമഞ്ഞ് കുറക്കുന്നതിനും ഇതു നടത്താറുണ്ട്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച ഹരിതവത്കരണ പദ്ധതിക്ക് സഹായകമാകുന്ന വിധത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃത്രിമ മഴ വഴി കൂടുതൽ ജലസാന്നിധ്യം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ കൃത്രിമ മഴ ശക്തിപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി കോടിക്കണക്കിനു റിയാൽ വില മതിക്കുന്ന അഞ്ചു വിമാനങ്ങൾ കൂടി വാങ്ങാനുള്ള കരാറിൽ കഴിഞ്ഞ ദിവസമാണ് പരിസ്ഥിതി, ജല, കൃഷി വകുപ്പ് മന്ത്രിയും ദേശീയ കാലാവസ്ഥ വിഭാഗം മേധാവിയുമായ എൻജിനീയർ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫദ്ലി ഒപ്പിട്ടത്. ഇതിൽ ഒരു വിമാനം കലാവസ്ഥ ഗവേഷണത്തിനുള്ളതാണ്. നിലവിൽ ഇത്തരം രണ്ടു വിമാനങ്ങൾ സൗദി അറേബ്യക്കുണ്ട്. ഇതു വെച്ച് പരീക്ഷണാർഥം നത്തിയ ക്ലൗഡ് സീഡിംഗ് വിജയകരമായ സാഹചര്യത്തിലാണ് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. 2022 ഏപ്രിൽ 27 നാണ് ക്ലൗഡ് സീഡിംഗ് പദ്ധതിക്ക് സൗദി തുടക്കമിട്ടത്. റിയാദ്, ഹായിൽ, അൽഖസീം, അസീർ, അൽബാഹ, മക്കയിലെ ഹൈറേഞ്ചുകൾ എന്നിവിടങ്ങളിലായിരുന്നു പരീക്ഷണം.
മൂന്നു ഘട്ടങ്ങളിലായി 3.5 ബില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഈ പ്രവിശ്യകളിൽ കൃത്രിമ മഴയിലൂടെ ലഭിച്ചത്. വിമാനങ്ങൾ 626.67 മണിക്കൂർ സഞ്ചരിച്ച് 190 തവണ ക്ലൗഡ് സീഡിംഗ് നടത്തിയെന്നാണ് കണക്ക്. മേഘങ്ങളിൽ വിത്ത് വിതറാൻ 3405 ബർണറുകളാണ് ഉപയോഗിച്ചത്. പുതിയ വിമാനങ്ങളിൽ ഗവേഷണത്തിനായി വാങ്ങുന്ന വിമാനം ലബോറട്ടറിയായി രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ സഞ്ചരിച്ച് കാലാവസ്ഥ സാഹചര്യങ്ങളും വായുസഞ്ചാരവും നിരീക്ഷിക്കും. ഈ വിമാനം നൽകുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും മറ്റു വിമാനങ്ങൾ മേഘങ്ങളിൽ ക്ലൗഡ് സീഡിംഗ് നടത്തുക. കരാർ കമ്പനിയുമായുള്ള സാങ്കേതിക വിദ്യ കൈമാറ്റം വഴി സ്വദേശികളായ യുവ ഗവേഷകരെ പരിശീലിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഗ്രീൻ ഇനിഷ്യേറ്റീവ് പദ്ധതി വൻ വിജയത്തിലേക്കു നീങ്ങുകയാണ്. ഇതിനു ശക്തി പകരാൻ കൃത്രിമ മഴ ഏറെ ഫലപ്രദമാകും. രാജ്യത്തെ പച്ചപ്പ് നിറഞ്ഞ മേഖലകളുടെ വിസ്തൃതി അതിവേഗമാണ് ഉയരുന്നത്. രാജ്യത്തെ വനവൽക്കരണ മേഖലയുടെ വിസ്തൃതി കഴിഞ്ഞ ഏഴ് വർഷത്തിനിടെ 230 ശതമാനം തോതിൽ വർധിച്ചതായി പരിസ്ഥിതി ജല കൃഷി മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. 2015 ൽ 22,67,000 ഹെക്ടർ ആയിരുന്ന വനമേഖല ഇപ്പോൾ 71,84,000 ഹെക്ടർ ആയി ഉയർന്നു. ഇവിടെ വസിക്കുന്ന വംശനാശ ഭീഷണിയുൾപ്പെടെ നേരിടുന്ന വന്യ ജീവികളുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. ജീവികളുടെ എണ്ണം 3122 ൽ നിന്നും 6736 ആയാണ് വർധിച്ചത്. കൃഷി ഭൂമിയുടെ അളവിലും വലിയ തോതിൽ വർധന ഉണ്ടായിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റവും രാജ്യത്ത് പ്രഖ്യാപിച്ച ഹരിത പദ്ധതികളും വനവത്കരണത്തിന്റെ വേഗം വർധിപ്പിച്ചു.
അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡ് അളവ് കുറയ്ക്കുന്നതിനും നഗര സൗന്ദര്യവൽക്കരണത്തിനുമായി തലസ്ഥാനമായ റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ദശലക്ഷക്കണക്കിനു മരങ്ങളാണ് നട്ടുപിടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗ്രീൻ ഹറം സ്‌ക്വയർ പദ്ധതിയുടെ ഭാഗമായി ഹറമുകളിലെ ഓരങ്ങളിലും കെട്ടിട സമുച്ചയ പാർശങ്ങളിലും വരെ ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചു വരികയാണ്. അന്തരീക്ഷ മലിനീകരണവും താപനിലയും കുറക്കുന്നതിന് ഇത്തരം പദ്ധതികൾ ഏറെ ഗുണകരമാണ്. ജനക്ഷേമത്തിന് അടിസ്ഥാന സൗകര്യ വികസനങ്ങൾ മാത്രമല്ല, അതോടൊപ്പം പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതുണ്ടെന്ന ഭരണ കർത്താക്കളുടെ വീക്ഷണമാണ് ഇത്തരം പദ്ധതികളിലൂടെ പ്രതിഫലിക്കുന്നത്.