Sorry, you need to enable JavaScript to visit this website.

വീസയില്ലാതെ കാറില്‍ ജീവിച്ചത് രണ്ടു വര്‍ഷം; ഫ്രഞ്ച് വനിതയുടെ ലക്ഷം ദിര്‍ഹം പിഴ എഴുതിത്തള്ളി

അബുദബി- ജോലി നഷ്ടപ്പെട്ട് വന്‍ കട ബാധ്യതയെ തുടര്‍ന്ന് വിസ പുതുക്കാനാകാതെ രണ്ടു വര്‍ഷത്തിലേറെയായി ഷോപ്പിങ് മാളുകളിലെ പ്രാര്‍ത്ഥനാ മുറികളിലും കാറില്‍ അന്തിയുറങ്ങിയും അബുദബിയില്‍ ജീവിതം തള്ളി നീക്കുന്ന ഫ്രഞ്ച് മധ്യവയസ്‌ക്കയുടെ ഒരു ലക്ഷം ദിര്‍ഹം പിഴ യുഎഇ അധികൃതര്‍ ഇളവു നല്‍കി. വീസ കാലാവധി തീര്‍ന്നിട്ടും രാജ്യത്തു തങ്ങിയതിനായ് 43-കാരിയായ റാശിദയ്ക്ക് ഒരു ലക്ഷത്തിലേറെ ദിര്‍ഹം പിഴയിട്ടത്. എന്നാല്‍ ഇവരുടെ ദുരവസ്ഥ കണക്കിലെടുത്ത് പിഴ അധികൃതര്‍ എഴുതിത്തള്ളുകയായിരുന്നു. 

'ഞാന്‍ ഡ്രൈവ് ചെയ്യുന്ന വാടക കാര്‍ അല്ലാതെ എന്റെ പക്കല്‍ ഒന്നുമില്ല. സുഹൃത്തുക്കളുടേയും പരിചയക്കാരുടേയും സഹായം കൊണ്ടു മാത്രമാണ് ഇവിടെ പിടിച്ചു നില്‍ക്കുന്നത്. എന്റെ പിഴ എഴുതി തള്ളിയതോടെ സമാധാനമായി. ഇനി എനിക്ക് വീട്ടില്‍ പോയി ഉമ്മയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ്,' റാശിദ ഖലീജ് ടൈംസിനേട് പറഞ്ഞു. 

യുഎഇയില്‍ ഒറ്റയ്ക്കു കഴിയുന്ന റാശിദ നാട്ടിലേക്കു മടങ്ങാന്‍ ഇമിഗ്രേഷന്‍ അധികൃതരെ നേരിട്ടു സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ അപേക്ഷ ജുണ്‍ 24-ന് അല്‍ ഐനിലെ കോടതി പരിഗണിച്ചു. 2,500 ദിര്‍ഹം പിഴയടച്ച് ജുലൈ ഏഴിനകം രാജ്യം വിടണമെന്നാണ് കോടതി ഉത്തരവ്. 

എന്നാല്‍ റാശിദയുടെ ദുരിതം ഇവിടെയും തീരുന്നില്ല. 'എനിക്ക് 1.2 ലക്ഷം ദിര്‍ഹം ബാങ്ക് വായ്പ തിരിച്ചടക്കാനുണ്ട്. കൂടാതെ ഞാനിപ്പോള്‍ കഴിയുന്ന കാര്‍ വാടക ഇനത്തില്‍ 24,000 ദിര്‍ഹം വേറെയും കടബാധ്യതയുണ്ട്. ഉത്തരവാദിത്തങ്ങളില്‍ ഒളിച്ചോടാന്‍ ഞാനില്ല,' റാശിദ പറയുന്നു. 

അബുദബിയിലെ ഒരു ഷോപ്പിങ് മാളില്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജരായി ജോലി ചെയ്യുകയായിരുന്ന റാശിദയുടെ ദുരിതം 2014-ല്‍ ജോലി നഷ്ടമായതോടെയാണ് തുടങ്ങിയത്. മാസം 15,000 ദിര്‍ഹം ശമ്പളം വാങ്ങിയിരുന്ന തനിക്ക് ജോലി നഷ്ടമായതോടെയാണ് ജീവിതം വഴിമുട്ടിയതെന്ന് ഇവര്‍ പറയുന്നു. അല്‍ ബത്തീനില്‍ താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റ് 2016 മാര്‍ച്ചിലാണ് ഒഴിയേണ്ടി വന്നത്. ശേഷം അന്തിയുറക്കം വാടക കാറിനുള്ളിലാണ്.

പകല്‍ സമയങ്ങളില്‍ ഷോപ്പിങ് മാളുകളിലെ ബേസ്‌മെന്റ് പാര്‍ക്കിങ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്ത് മാളിലെ പ്രാര്‍ത്ഥനാ മുറികളില്‍ തള്ളിനീക്കും. രാത്രി കാര്‍ ഒഴിഞ്ഞയിടങ്ങളില്‍ പാര്‍ക്ക് ചെയ്ത് അതിനുള്ളില്‍ അന്തിയുറങ്ങും. ബീച്ചുകളിലെ പൊതു ടോയ്‌ലെറ്റുകളാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. പാക്കറ്റ് ഭക്ഷണങ്ങളും വെള്ളവുമാണ് ഭക്ഷണം. സുഹൃത്തുക്കള്‍ ഇടക്കിടെ പണം നല്‍കിയും ഭക്ഷണം നല്‍കിയും സഹായിക്കും. ദുബായിലെ ചാരിറ്റി ഫ്രിഡ്ജുകളും എനിക്ക് വലിയൊരാശ്വസമാണ്,' റാശിദ തന്റെ 'ഒളിവു' ജീവിതം പറയുന്നു.

ഇത്രയൊക്കെ സഹിച്ച് പിടിച്ചു നില്‍ക്കുന്ന റാശിദയുടെ ദുഖം പക്ഷെ ഉമ്മയെ കാണാന്‍ കഴിയാത്തതിലാണ്. പുതിയൊരു കമ്പനി തുടങ്ങിയതിന്റെ തിരക്കിലായതിനാല്‍ ഉടനെ ഒന്നും തിരിച്ചുവരാനാകില്ലെന്നു പറഞ്ഞാണ് ഉമ്മയെ സമാധാനിപ്പിക്കുന്നത്. ഉപ്പ 2012-ല്‍ മരിച്ചു. ഫ്രാന്‍സില്‍ മൂന്ന് സഹോദരന്മാരും ഉണ്ട്. ജീവിതം ദുരിതക്കയത്തില്‍ മുങ്ങിയിരിക്കുകയാണെങ്കിലും റാശിദ പ്രതീക്ഷ കൈവിടുന്നില്ല. യുഎഇയിലായത് കൊണ്ടു മാത്രമാണ് തനിക്കു പിടിച്ചു നില്‍ക്കാനായതെന്ന് റാശിദ പറയുന്നു. ഇവിടുത്തെ അപരിചിതര്‍ പോലും കാണിക്കുന്ന ദയയ്ക്ക് നന്ദിയുണ്ട്. ജീവിതം ഈ രണ്ടു വര്‍ഷത്തിനിടെ എനിക്ക് ഒരുപാട് പഠിപ്പിച്ചു. ഒരു ജോലി സമ്പാദിച്ച് ജീവിതം ഇനിയും പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയിലും ശ്രമത്തിലുമാണ് ഞാന്‍- റാശിദ പറയുന്നു. 

(ഖലീജ് ടൈംസ്‌)
 

Latest News