Sorry, you need to enable JavaScript to visit this website.

സൗദി വിസ സ്റ്റാമ്പിംഗിന് കുടുംബങ്ങൾ കൊച്ചിയിലെത്തുന്നത് കഷ്ടപ്പെട്ട്

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിനായി കൊച്ചി വി.എഫ്.എസ് ഓഫീസിനു മുന്നിൽ ക്യൂ നിൽക്കുന്നവർ.

റിയാദ്- സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് ഓരോരുത്തരും കൊച്ചിയിൽ പോയി വി.എഫ്.എസ് വഴി വിരലടയാളം നൽകണം എന്നതിൽ വ്യാപക പ്രതിഷേധം. കുടുംബങ്ങൾ വളരെ കഷ്ടപ്പെട്ടാണ് കൊച്ചിയിലെത്തുന്നതും ദീർഘനേരം ക്യൂനിന്ന് കഷ്ടപ്പെടുന്നതും.
പുതിയ പരിഷ്‌കാരം മൂലം ആളുകൾ വലിയ ദുരിതത്തിലാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ശങ്കർ എളങ്കൂർ പറഞ്ഞു. വിസ സ്റ്റാമ്പിംഗ് വി.എഫ്.എസ് വഴിയാക്കിയതോടെ ഫീസ് കൂടുതലായി. സബ്മിഷൻ കൊച്ചിയിൽ മാത്രമാണെന്നതും നേരിട്ട് എത്തണമെന്നതും ആളുകളെ ദുരിതത്തിലാക്കുന്നു. സ്റ്റാമ്പിംഗിന് ശേഷം പാസ്പോർട്ട് തിരിച്ചു കിട്ടുന്നത് പത്തോ പതിനഞ്ചോ ദിവസങ്ങൾ കഴിഞ്ഞാണ്. 
ഗാപ്ബ്ലൂ കൊറിയർ വഴി അയക്കുന്നത് കോഴിക്കോട് നേരിട്ട് പോയി വാങ്ങിക്കണം. മലപ്പുറത്ത് ഗാപ്ബ്ലൂ കൊറിയർ സർവീസ് ഇല്ല. അപ്പോയിൻമെന്റ് ഇല്ലാത്തവർക്ക് 3000 കൊടുത്താൽ പ്രീമിയം സർവീസ് ലഭിക്കും. വി.എഫ്.എസ് വിസ സർവീസിന് വാങ്ങുന്നത് 14,500 രൂപയാണ് ഇത് വളരെ കൂടുതലാണ്. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ആകെ ഒരു സർവീസ് സെന്റർ മാത്രമാണ് ഉള്ളത്. 
മുംബൈയിൽ സൗദി കോൺസുലേറ്റാണ് വിസ സ്റ്റാമ്പിംഗ് ചെയ്യേണ്ടത്. അത് നാട്ടിലെ ഏത് ട്രാവൽസിൽ കൊടുത്താലും മുംബൈയിൽ ഒരു ഏജൻസി വഴി പത്ത് പതിനഞ്ച് ദിവസം കൊണ്ട് ട്രാവൽസുകാർക്ക് വിസ പാസ്‌പോർട്ടിൽ അടിച്ച് കിട്ടിയിരുന്നു. എന്നാൽ ഈ സർവീസ് കേന്ദ്ര ഗവണ്മെന്റ് നിർത്തലാക്കുകയും ആ സർവീസ് വി.എഫ്.എസിനെ ഏൽപിക്കുകയുമാണ് ചെയ്തത്. കേരളത്തിൽ ഇപ്പോൾ കൊച്ചിയിൽ മാത്രമാണ് വി.എഫ്.എസ് ഓഫീസ് ഉള്ളത്. മലബാർ മേഖലയിലെ ഫാമിലികൾ കുടുംബസമേതം കൊച്ചിയിൽ പോയി വിരലടയാളം നൽകി വരിക എന്നത് വലിയ കഷ്ടതയും ചെലവും ഉള്ള കാര്യമാണ്. അപ്പോയിൻമെന്റ് എടുത്തവർ കുട്ടികളേയുമായി വരിയിൽ മണിക്കൂറുകളോളമാണ് നിൽക്കുന്നത്. അതുകൊണ്ട് ഇത് ഓൺലൈൻ വഴി, അക്ഷയ സെന്ററുകൾ വഴിയാക്കുക അല്ലെങ്കിൽ വി.എഫ്.എസ് പാസ്‌പോർട്ട് സർവീസ് കേന്ദ്രങ്ങൾ കൊച്ചിയിൽ മാത്രമല്ല, എല്ലാ ജില്ലകളിലും ഒന്നിൽ കൂടുതൽ വി.എഫ്.എസ് സർവീസ് സെന്ററുകൾ തുടങ്ങുക, കൂട്ടിയ ഫീസ് എത്രയും പെട്ടെന്ന് കുറക്കുക.
സൗദി ഗവണ്മെന്റ് വിസിറ്റിംഗ് വിസയിൽ ഇളവ് പ്രഖ്യാപിച്ചതോടു കൂടി ആയിരക്കണക്കിന് ഫാമിലികളാണ് സൗദിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. സൗദി ഗവണ്മെന്റ് വിസ പാസ്‌പോർട്ടിൽ അടിക്കാതെ ഓൺലൈൻ ആക്കി ആളുകൾക്ക് സൗകര്യം ഒരുക്കുമ്പോൾ അത് വെടക്കാക്കി തനിക്കാക്കുക എന്ന നിലപാടാണ് ഇന്ത്യ ഗവണ്മെന്റ് ചെയ്യുന്നത് -അവർ കുറ്റപ്പെടുത്തി.  ഈ വിഷയത്തിൽ എത്രയും പെെട്ടന്ന് ഒരു തീരുമാനം കേന്ദ്ര ഗവണ്മെന്റ് എടുത്തില്ലായെങ്കിൽ സ്‌കൂൾ അവധിക്കാലം ഫാമിലികൾക്ക് വരാനും പോകാനും പറ്റാത്ത അവസ്ഥയായിരിക്കും. ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ശങ്കർ എളങ്കൂർ പറഞ്ഞു.

Tags

Latest News