തിരുവനന്തപുരം- ബാലരാമപുരത്തെ മതപാഠശാലയില്‍ വിദ്യാര്‍ത്ഥിനിയായ അസ്മിയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചിലര്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുകയാണെന്നും സംഘപരിവാറിന്റെ ഈ പ്രചരണത്തെ എതിര്‍ക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആരെങ്കിലും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പ് വായിക്കാം:
തിരുവനന്തപുരത്തെ ബാലരാമപുരത്തുള്ള ഒരു മതപാഠശാലയില്‍ അസ്മിയ എന്ന പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്. അതിന്റെ സത്യാവസ്ഥ പുറത്ത് വരട്ടെ. മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് പരമാവധി ശിക്ഷ നല്‍കണം എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും രണ്ടഭിപ്രായമുണ്ടാകുമെന്ന് കരുതുന്നില്ല.
എന്നാല്‍ ഈ സംഭവമുയര്‍ത്തിക്കാണിച്ച് കത്വയിലെ പെണ്‍കുട്ടിക്ക് വേണ്ടി പ്രതിഷേധിച്ചവര്‍ ഇന്ന് എവിടെ എന്ന ചോദ്യവുമായി ചിലര്‍ രംഗത്ത് വരുന്നത് കാണുന്നുണ്ട്. അവര്‍ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ല. സംഘ്പരിവാര്‍ പ്രവര്‍ത്തകരോ അത്തരം മനോഭാവമുള്ളവരോ ആണ് അക്കൂട്ടര്‍.
കത്വയിലെ കുഞ്ഞിനെ കൊന്ന പ്രതികള്‍ക്ക് വേണ്ടി ബി.ജെ.പിയുടെ രണ്ട് മന്ത്രിമാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അവര്‍ ദേശീയ പതാക പിടിച്ചാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. അവര്‍ കാശ്മീര്‍ ഭരിക്കുന്നവര്‍ മാത്രമായിരുന്നില്ല, രാജ്യം ഭരിക്കുന്നവര്‍ കൂടിയായിരുന്നു. അവര്‍ ബി.ജെ.പി നേതാക്കളായിരുന്നു. ആ പാവം കുഞ്ഞിനെ പിച്ചിച്ചീന്തി കഴുത്തില്‍ ദുപ്പട്ട മുറുക്കി കൊന്നു കളഞ്ഞത് ആ സമുദായത്തെ മുഴുവന്‍ ഭീതിയിലാഴ്ത്താനാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
ജമ്മു കാശ്മീരിലെ ബി.ജെ.പിയുടെ സ്വാധീനത്തിലുള്ള ബാര്‍ അസോസിയേഷന്‍ ഇരകള്‍ക്ക് വേണ്ടി അഭിഭാഷകരാരും കോടതിയില്‍ ഹാജരാകരുതെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ ഹാജരായ ദീപികസിംഗിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഭരണകക്ഷി മന്ത്രിമാരടക്കം പ്രതികളെ സംരക്ഷിക്കാന്‍ പരസ്യമായി രംഗത്തിറങ്ങുന്ന സാഹചര്യവുമായി ബാലരാമപുരത്തെ കാണാനാവുമോ? രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ന്നില്ലായിരുന്നെങ്കില്‍ ആ കേസ് തേഞ്ഞ് മാഞ്ഞു പോവില്ലായിരുന്നോ? പ്രതികള്‍ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടുമെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകുമോ?
ഇത് ഉദ്ദേശ്യം വേറെയാണ്. മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു കാരണം കൂടി ഉണ്ടാക്കണം. മദ്രസകള്‍ക്കെതിരായ പ്രചരണം ഇതിന്റെ മറവില്‍ ശക്തിപ്പെടുത്തണം. താന്‍ അധികാരത്തിലേറിയപ്പോള്‍ 600 മദ്രസകള്‍ പൂട്ടിയെന്നും ഒരു വര്‍ഷത്തിനുള്ളില്‍ 300 എണ്ണം കൂടി പൂട്ടുമെന്നും പ്രഖ്യാപിച്ചത് അസം മുഖ്യമന്ത്രിയാണ്. അയാള്‍ ബി.ജെ.പിക്കാരനാണ്.
ഇതൊക്കെ ഇവിടെയുള്ളവര്‍ക്ക് മനസ്സിലാക്കാനാവുമെന്നത് സംഘികള്‍ ഓര്‍ത്താല്‍ നന്ന്. കാരണം ഇത് സ്ഥലം വേറെയാണ്. നിങ്ങള്‍ക്ക് ആനമുട്ട സമ്മാനിച്ച നാടാണ്. കേരളമാണ്.