തിരുവനന്തപുരം- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തന നിരതമാകുന്നതോടെ വിഴിഞ്ഞം കേരളത്തിന്റെ വ്യവസായിക ഹബ്ബായി മാറുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ വര്‍ക്ക്‌ഷോപ്പ് ബില്‍ഡിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ രംഗത്ത് കേരളം പുതിയ മുന്നേറ്റത്തിന്റെ പാതയിലാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ നിരവധി വ്യവസായ സ്ഥാപനങ്ങളെ ചുരുങ്ങിയ കാലയളവ് കൊണ്ട് കേരളത്തിലേക്ക് എത്തിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു. തൊഴില്‍ രംഗത്ത് യുവജനങ്ങള്‍ക്ക് വലിയ സാധ്യതകളാണ് ഇതിലൂടെ ലഭ്യമാകുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും ഒട്ടനേകം വ്യവസായ സാധ്യതകളും തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതോടൊപ്പം കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ പശ്ചാത്തല വികസവനും കൂടി മുന്നോട്ട് പോകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ നേട്ടം കേരളത്തിന് സമഗ്രമായി ഉപയോഗപ്പെടുകയുള്ളൂ. ഇതിനായി കേരള മാരിടൈം ബോര്‍ഡ് വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു
അഡ്വ.എം.വിന്‍സെന്റ് എം.എല്‍.എ, വാര്‍ഡ് കൗണ്‍സിലര്‍ ഓമനയമ്മ, തുറമുഖ വകുപ്പ് സെക്രട്ടറി കെ.ബിജു ഐ.എ.എസ്, വിസില്‍ സി.ഇ.ഒ ഡോ.ജയകുമാര്‍, എ.വി.പി.പി.എല്‍ സി.ഇ.ഒ രാജേഷ് കുമാര്‍ത്ഥാ തുടങ്ങിയവര്‍ പങ്കെടുത്തു.