ഇടുക്കി- ബസ് കാത്തുനിന്ന യുവതിയെ ഭര്‍ത്താവ് കത്രികക്ക് കുത്തി പരിക്കേല്‍പ്പിച്ചു. മണിയാറന്‍കുടി സ്വദേശി കുളൂര്‍കുഴിയില്‍ രാജേഷ് (41)ആണ് ഭാര്യ നിഭ (29)യെ കുത്തിയത്. ഗുരുതരാവസ്ഥയിലായ നിഭയെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മണിയാറന്‍കുടിസ്‌കൂള്‍ സിറ്റിയില്‍ ഇന്നലെ രാവിലെ ഏഴിന് ബസ് കാത്തു നില്‍ക്കുമ്പോഴാണ് രാജേഷ് നിഭയെ കുത്തി വീഴ്ത്തിയത്. പുറത്തും വശങ്ങളിലുമായി ഏഴോളം കുത്തുകളേറ്റ നിഭയെ നാട്ടുകാര്‍ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചു. ഹൃദയത്തിനും ശ്വാസകോശത്തിനും മുറിവേറ്റിട്ടുള്ളതിനാല്‍ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഒരാഴ്ചയായി രാജേഷുമായി പിണങ്ങി സ്വന്തം വീട്ടിലാണ് നിഭ താമസിക്കുന്നത്. സംശയ രോഗത്തെ തുടര്‍ന്നുള്ള കുടുംബ വഴക്കാണ് സ്ഥിരം മദ്യപനായ പ്രതി ഭാര്യയെ കുത്താന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. ഇവര്‍ക്ക് എട്ടും ആറും വയസുള്ള രണ്ട് കുട്ടികളുണ്ട്.