കാസര്‍കോട്- കേരളത്തിലേക്ക് മയക്കുമരുന്ന് മൊത്തവിതരണം നടത്തുന്ന വന്‍ റാക്കറ്റിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശിനിയും ബംഗളൂരുവില്‍ താമസക്കാരിയുമായ ഹഫ്‌സ റിഹാനത് ഉസ്മാന്‍ എന്ന ബ്ലെസിങ് ജോയി (22) യെയാണ് അറസ്റ്റ് ചെയ്തതെന്ന് കേസിന് മേല്‍നോട്ടം വഹിച്ച കാസര്‍കോട് അഡീഷണല്‍ എസ്. പി പി രാജു, യുവതിയെ ബംഗളൂരുവിലെത്തി പിടികൂടിയ ബേക്കല്‍ ഡിവൈ. എസ്. പി സി.കെ സുനില്‍ കുമാര്‍ എന്നിവര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍മാരായ പി കെ പ്രദീപ്, കെ എം ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, ശ്രീജിത്ത്, സീമ, ദീപക് എന്നിവരും സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ നികേഷ്, ഹരീഷ്, സരീഷ്, രേഷ്മ പടോളി എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 22 ന് ഉദുമ പള്ളത്ത് വെച്ച് അറസ്റ്റിലായ മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബൂബകര്‍ (35), ഇയാളുടെ ഭാര്യ അമീന അസറ (23), കര്‍ണാടക കല്യാണ നഗറിലെ എ. കെ വസീം (32), ബെംഗ്ളൂരു സ്വദേശി സൂരജ് (32) എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് മൊത്ത വിതരണം ചെയ്യുന്ന നൈജീരിയന്‍ യുവതിയെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാട്‌സ്ആപ് നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് തങ്ങള്‍ക്ക് ബെംഗ്‌ളൂരില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയതെന്ന് അറസ്റ്റിലായ അബൂബക്കറില്‍ നിന്ന് വിവരം ലഭിച്ചതാണ് നൈജീരിയന്‍ സ്വദേശിനിയിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. വാട്‌സ്ആപ് നമ്പര്‍ നൈജീരിയന്‍ യുവതിയുടേതായിരുന്നു. ഈ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് യുവതിയെ പിടികൂടാന്‍ കഴിഞ്ഞത്. സാധാരണഗതിയില്‍ താഴെക്കിടയിലുള്ള വില്‍പനക്കാരെ മാത്രമേ പിടികൂടാന്‍ കഴിയാറുള്ളൂ. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന് നേതൃത്വം നല്‍കുന്ന ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബംഗഌരുവില്‍ ചെന്ന് പ്രതിയെ പിടികൂടിയത്. യുവതിയുടെ പിന്നില്‍ വലിയ സംഘം തന്നെ ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും ഇതേകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അഡീഷണല്‍ എസ്.പി പറഞ്ഞു. ബുധനാഴ്ച കാസര്‍കോട്ട് രണ്ടിടത്തും നീലേശ്വരത്ത് വെച്ചും 57 ലക്ഷത്തോളം രൂപയുടെ കുഴല്‍പണം പിടികൂടിയതും മയക്കുമരുന്ന് ഇടപാടും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്ത വിവരം നൈജീരിയന്‍ എംബസിയില്‍ അറിയിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് 'പിടികൂടുമ്പോള്‍ യുവതിയുടെ പക്കല്‍ പാസ്‌പോര്‍ട്ടോ വിസയോ മറ്റ് രേഖകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് വിതരണത്തിനിടെ ഏത് സമയത്തും പിടിക്കപ്പെടാമെന്നത് കൊണ്ട് ഇവര്‍ രേഖകളെല്ലാം രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിച്ച് വച്ചിരിക്കാമെന്നാണ് സംശയം. ഒന്നരവര്‍ഷം മുമ്പാണ് യുവതി സ്റ്റുഡന്റസ് വിസയില്‍ ബംഗളൂരിലെത്തിയത്. പഠനം മറയാക്കി മയക്കുമരുന്ന് കച്ചവടമാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്നാണ് സംശയിക്കുന്നത് -പോലീസ് പറഞ്ഞു.