കൊച്ചി- വിചാരണ തടവുകാരനായി ബെംഗളൂരുവില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ മോചനത്തിന് പുതിയ കര്‍ണാടക സര്‍ക്കാരുമായി ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് മഅ്ദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മതേതര കോണ്‍ഗ്രസ്സ് സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂര്‍ സഫോടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ മഅ്ദനിയെ 25 വര്‍ഷത്തിന് ശേഷം വെറുതെ വിട്ട കോടതി വിധി നീണ്ട നിയമ പോരാട്ടത്തിന്റെ ഫലമാണ്. നാളിത് വരെ ഒരു പെറ്റി കേസില്‍ പോലും മഅ്ദനി ശിക്ഷിക്കപ്പെട്ടിട്ടില്ല. ബെംഗളൂരു കേസിലും മഅ്ദനി കുറ്റവിമുക്തനായി തിരിച്ചുവരുമെന്നുറപ്പുണ്ട്. മഅ്ദനിയുടെ അറസ്റ്റും നാടുകടത്തലും എഴുതി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങളെ പുറത്തുകൊണ്ടുവരാനും നഷ്ട പരിഹാരത്തിനും പാര്‍ട്ടിയും കുടുംബവും നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും. മഅ്ദനിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും നാട്ടിലെത്തിക്കേണ്ടത് അത്യാവശ്യമാണെന്നും സലാഹുദ്ധീന്‍ അയ്യൂബി പറഞ്ഞു.
സുപ്രീം കോടതി വിധി പോലും മാനിക്കാതെ ഭീമമായ തുക മഅ്ദനിയുടെ സുരക്ഷക്കായി നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞത് അനീതിയാണ്. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത കീഴ്വഴക്കമാകരുതെന്ന് കരുതിയാണ് ഭീമമായ തുക കെട്ടിവെച്ച് ജാമ്യത്തില്‍ വരാതിരുന്നത്. കുറ്റം തെളിയിക്കപ്പെടാത്ത തടവുകാരന് ചെയ്യേണ്ടത് സര്‍ക്കാര്‍ ചെയ്ത് തന്നാല്‍ മതിയെന്നും കേരള സര്‍ക്കാരിനെയും നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും സ്വലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പി ഡി പി നേതാക്കളായ മജീദ് ചേര്‍പ്പ്, മുജീബ്, അശ്റഫ് വാഴക്കാല എന്നിവരും സംബന്ധിച്ചു.