കൊച്ചി- ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. ലോട്ടറി വ്യവസായത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. മാര്‍ട്ടിന്റെ വീട്ടിലും ഓഫീസിലും അദ്ദേഹത്തിന്റെ ഫ്യൂച്ചര്‍ ഗെയ്മിംഗ് സൊലൂഷന്‍സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
സാന്റിയാഗോ മാര്‍ട്ടിന്റെ 457 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. സിക്കിം സര്‍ക്കാരിന് 900 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലായിരുന്നു നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 157.7 കോടി രൂപയുടെ സ്ഥിരനിക്ഷേപങ്ങളും മ്യൂച്വല്‍ ഫണ്ടുകളും പോലുള്ള നിരവധി നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും 299.16 കോടി രൂപയുടെ സ്ഥാവര സ്വത്ത് രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. കോയമ്പത്തൂരിലെ ഫ്യൂച്ചര്‍ ഗെയിമിങ് സെല്യൂഷന്‍സിന്റെ കോയമ്പത്തൂരിലെ ഓഫിസ്, കോയമ്പത്തൂരിലെ വീടും ഭൂമിയും, ചെന്നൈയിലെ ബിനാമി ഇടപാടിലെ വീട്, ഓഫിസുകള്‍ എന്നിവയും കണ്ടു കെട്ടിയവയില്‍ ഉള്‍പ്പെടുന്നു.
കേരളത്തിലെ സിക്കിം സര്‍ക്കാരിന്റെ ലോട്ടറികള്‍ വിറ്റതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് മാര്‍ട്ടിനും മറ്റുള്ളവര്‍ക്കുമെതിരെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ തുടക്കം. 2009 മുതല്‍ 2010 വരെയുള്ള കാലയളവിലെ സമ്മാനാര്‍ഹമായ ടിക്കറ്റ് ക്ലെയിം പെരുപ്പിച്ച് കാട്ടി മാര്‍ട്ടിനും അദ്ദേഹത്തിന്റെ അസോസിയേറ്റ് കമ്പനികളും സ്ഥാപനങ്ങളും നിയമവിരുദ്ധമായ നേട്ടമുണ്ടാക്കി സിക്കിം സര്‍ക്കാരിന് 910 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തല്‍.