മക്ക- ഹജ്ജ് സീസണ്‍ കണക്കിലെടുത്ത് വിദേശികളെ മക്ക ചെക്ക്‌പോസ്റ്റുകളില്‍ തടഞ്ഞു തടങ്ങിയതോടെ വിസിറ്റ് വിസയിലും ഉംറ വിസയിലും രാജ്യത്തുള്ളവര്‍ക്ക് ആശയക്കുഴപ്പമുണ്ട്. ഉംറ, വിസിറ്റ് വിസയിലുള്ളവര്‍ക്ക് നുസുക് ആപ്പ് വഴി പെര്‍മിറ്റെടുത്ത് മക്കയില്‍ പ്രവേശിച്ച് ഉംറ നിര്‍വഹിക്കാം.
ഉംറ വിസയിലെത്തിയവര്‍ ദുല്‍ഖഅദ 29 (ജൂണ്‍ 18) നകം സ്വദേശങ്ങളിലേക്ക് മടങ്ങണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ തിരക്കില്ലാതെ ഉംറ നിര്‍വഹിക്കാന്‍ പറ്റുന്ന ദിവസങ്ങളും നുസുക് ആപ്പില്‍ കാണിക്കുന്നുണ്ട്. ആപ്പ് വഴി ഉംറ പെര്‍മിറ്റ് ലഭിക്കുന്നിടത്തോളം യാതൊരു തടസ്സവുമില്ലാതെ ഉംറ നിര്‍വഹിക്കാം.
വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയവര്‍ക്ക് ഉംറ പെര്‍മിറ്റുണ്ടെങ്കില്‍ മാത്രമേ മക്കയിലേക്ക് പ്രവേശനം നല്‍കുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഉംറ പെര്‍മിറ്റ് കൈവശമുള്ളവര്‍ പെര്‍മിറ്റില്‍ നിര്‍ണയിച്ച സമയം കൃത്യമായി പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു.
ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് നേടുന്ന പ്രത്യേക പെര്‍മിറ്റില്ലാത്ത വിദേശികള്‍ക്ക് മക്കയില്‍ പ്രവേശന വിലക്ക് നിലവില്‍വന്നിട്ടുണ്ട്. പെര്‍മിറ്റില്ലാത്തവരെ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും.
ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിറ്റ് നേടിയവരെയും മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമയുള്ളവരെയും ഉംറ, ഹജ് പെര്‍മിറ്റുകള്‍ നേടിയവരെയും മാത്രമാണ് ചെക്ക് പോസ്റ്റുകളില്‍നിന്ന് മക്കയിലേക്ക് കടത്തിവിടുന്നത്.
മക്കയില്‍ പ്രവേശിക്കാനുള്ള പ്രത്യേക പെര്‍മിറ്റ് ജവാസാത്ത് ഡയറക്ടറേറ്റ് ഓണ്‍ലൈന്‍ ആയി അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. സൗദി കുടുംബങ്ങളിലെ ഗാര്‍ഹിക തൊഴിലാളികള്‍, സൗദികളല്ലാത്ത കുടുംബാംഗങ്ങള്‍, മക്കയില്‍ ആസ്ഥാനമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഹജ് കാലത്ത് ജോലി ചെയ്യാന്‍ മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി തൊഴില്‍ കരാറുകള്‍ ഒപ്പുവെച്ച, തൊഴിലാളി കൈമാറ്റത്തിനുള്ള അജീര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത സീസണ്‍ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് മക്കയില്‍ പ്രവേശിക്കാന്‍ എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്.