മലപ്പുറം - വിദ്യാഭ്യാസ വകുപ്പ് മുസ്‌ലീം ലീഗിന് ലഭിക്കുമ്പോള്‍ ചില തരികിടകളൊക്കെ നടത്തി കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ എം എസ് എഫ് പിടിച്ചെടുക്കാറുണ്ടെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം. സലാമിന്റെ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വിവാദമായെങ്കിലും മുസ് ലീം ലീഗിലെ മറ്റ് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. മലപ്പുറം മൂര്‍ക്കനാട് നടന്ന കുടുംബസംഗമത്തിലാണ് ലീഗ് ജനറല്‍ സെക്രട്ടറിയുടെ വിവാദ പരാമര്‍ശം. കോളേജുകളില്‍ ഇത്തവണ എം എസ് എഫിന് ചരിത്രവിജയമാണ് നേടാനായതെന്ന് പറഞ്ഞുകൊണ്ടാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ പിടിച്ചെടുക്കാന്‍ ലീഗ് മന്ത്രിയുള്ളപ്പോള്‍ ചില തരികിടകളൊക്കെ നടത്താറുണ്ടെന്ന് പി എം എ സലാം പറഞ്ഞത്. ഇപ്പോള്‍ ഇത്തരം തരികിടകളൊക്കെ നടത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിച്ച് സ്‌കൂള്‍, കോളജ്, സര്‍വകലാശാല ഭരണങ്ങള്‍ തകിടം മറിക്കുകയാണ് ഇടതു സംഘടനകള്‍ ചെയ്യുന്നതെന്നും പി എം എ സലാം കുറ്റപ്പെടുത്തി.