ചെന്നൈ- തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസും മംഗളൂരു-ലോക്മാന്യതിലക് മത്സ്യഗന്ധ എക്സ്പ്രസും ഉള്‍പ്പെടെ എട്ടുതീവണ്ടികളിലെ ജനറല്‍ കോച്ചിന്റെ എണ്ണംകുറയ്ക്കാന്‍ നടപടിയുമായി ദക്ഷിണറെയില്‍വേ. പകരം എ.സി. കോച്ച് വരും. യാത്രക്കാര്‍ക്ക് എ.സി. കോച്ചുകളോടാണ് താത്പര്യം കൂടുതലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്നാണ് അധികൃതര്‍ പറയുന്നത്.
തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസില്‍ (16347/48) നിലവില്‍ അഞ്ച് ജനറല്‍ കോച്ചുകളും രണ്ട് ജനറല്‍-കം-ലഗേജ് കോച്ചുകളുമാണുള്ളത്. ഒരു ജനറല്‍ കോച്ച് കുറച്ച് എ.സി. കോച്ചുകളുടെ എണ്ണം നാലായി ഉയര്‍ത്താനാണ് തീരുമാനം. ജൂലായ് 25-ന് ഇത് പ്രാബല്യത്തില്‍വരും. ഇതേ റേക്കുകള്‍ പങ്കുവെക്കുന്ന മംഗളൂരു-ലോക്മാന്യ തിലക് മത്സ്യഗന്ധ എക്സ്പ്രസിലും (12619/20) സമാന മാറ്റംവരും. അടിയന്തരയാത്രയ്ക്ക് ജനറല്‍കോച്ചുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഇതോടെ വലയുക.
23 കോച്ചുകളുള്ള ഈ വണ്ടികളില്‍ 11 സ്ലീപ്പര്‍ കോച്ചുകളും മൂന്ന് ത്രീടിയര്‍ എ.സി. കോച്ചുകളും രണ്ട് ടു ടിയര്‍ എ.സി. കോച്ചുകളും അഞ്ച് ജനറല്‍കോച്ചുകളും രണ്ട് ജനറല്‍-കം-ലഗേജ് കോച്ചുകളുമാണുള്ളത്.
പഴയരീതിയിലുള്ള ഐ.ആര്‍.എസ്. കോച്ചുകള്‍ ഉപയോഗിക്കുന്ന എട്ടുവണ്ടികളിലാണ് ഇപ്പോള്‍ മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ എല്‍.എച്ച്.ബി. കോച്ചുകള്‍ ഉപയോഗിക്കുന്ന ദീര്‍ഘദൂരതീവണ്ടികളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ കുറച്ച് എ.സി. ത്രീടിയര്‍ എ.സി. കോച്ചുകള്‍ കൂട്ടുന്നതിനുള്ള നടപടി നേരത്തേ തുടങ്ങിയിരുന്നു. ഭാവിയില്‍ ദീര്‍ഘദൂരതീവണ്ടികളിലെ സ്ലീപ്പര്‍ കോച്ചുകള്‍ രണ്ടെണ്ണംവരെയായി കുറയാന്‍ സാധ്യതയുണ്ടെന്നാണ് ദക്ഷിണറെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഘട്ടംഘട്ടമായാണ് മാറ്റം നടപ്പാക്കുക.
എ.സി. കോച്ചുകളില്‍ യാത്രക്കാര്‍ ഏറെ വര്‍ധിച്ചിട്ടുണ്ടെന്നാണ് റെയില്‍വേയുടെ കണക്ക്. എണ്ണത്തില്‍ കുറവുള്ള എ.സി. കോച്ചുകളുടെ റിസര്‍വേഷനാണ് ആദ്യം പൂര്‍ത്തിയാവുന്നത്. പുതിയ കോച്ചുകളുടെ നിര്‍മാണത്തിലും എ.സി.ക്കാണ് മുന്‍ഗണന. എല്‍. എച്ച്.ബി. കോച്ചുകളുള്ള കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസിലും നേത്രാവതി എക്സ്പ്രസിലും നേരത്തേതന്നെ സ്ലീപ്പര്‍ കോച്ച് കുറച്ച് എ.സി. കോച്ച് കൂട്ടിയിരുന്നു.