കോഴിക്കോട് - കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ തന്റെ പിതാവ് റോയ് തോമസിനെ അടക്കം ആറ് പേരെയും കൊലപ്പെടുത്തിയത് അമ്മ ജോളിയാണെന്ന് മകന്‍ റെമോ റോയ് തോമസ് പ്രത്യേക കോടതിയില്‍ മൊഴി നല്‍കി. ഇക്കാര്യം അമ്മ തന്നോട് സമ്മതിച്ചതായും കേസിലെ മൂന്നാം സാക്ഷിയായ റെമോ പറഞ്ഞു. പിതാവിന്റെ അമ്മക്ക് ആട്ടിന്‍ സൂപ്പില്‍ വളം കലക്കി കൊടുത്തും, മറ്റുള്ളവര്‍ക്ക് ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കി കൊടുത്തുമാണ് കൊലപ്പെടുത്തിയതെന്നും അമ്മ തന്നോട് പറഞ്ഞതായി റെമോ മൊഴി നല്‍കി. സയനൈഡ് തനിക്ക് എത്തിച്ചു തന്നത് ഷാജി എന്ന എം എസ് മാത്യൂ ആണെന്നും ഷാജിക്ക് എത്തിച്ചു നല്‍കിയത് പ്രജികുമാറാണെന്നും അമ്മ പറഞ്ഞതായി റെമോ കോടതിയില്‍ പറഞ്ഞു. ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ പോലീസിന് കൈ മാറിയത് റെമോയാണ്. സാക്ഷികളുടെ എതിര്‍വിസ്താരം ബുധനാഴ്ചത്തെക്കു മാറ്റിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍ അഡീഷനല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ സുഭാഷ് എന്നിവര്‍ ഹാജരായി. 2011 ലാണ് ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരന്‍ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കൊലപാതകം പുറത്താവുകയായിരുന്നു. വിവിധ കാലങ്ങളില്‍ മരിച്ച് ബന്ധുക്കളായ മറ്റ് അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ കൂടി പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയതോടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല പുറത്തയാത്. 2019 ഒക്ടോബറിലാണ് ജോളിയെ പോലീസ് അറസ്റ്റ് ചെയ്തത്.