റിയാദ് - ഗാർഹിക ഉപഭോക്താക്കൾക്ക് ഈ വർഷാദ്യം മുതൽ നടപ്പാക്കിയ നിരക്ക് പരിഷ്‌കരണവും വേനൽക്കാലമായതിനാൽ ഉപഭോഗം കൂടിയതുമാണ് ഈ മാസത്തെ വൈദ്യുതി ബിൽ തുക വർധിക്കുന്നതിന് പ്രധാന കാരണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു. വേനൽക്കാലത്ത് എയർ കണ്ടീഷനറുകളുടെ ഉപയോഗത്തിൽ വലിയ വർധനവുണ്ടാകും. വീടുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനവും എയർ കണ്ടീഷനറുകൾ പ്രവർത്തിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ബിൽ തുകയിൽ വിയോജിപ്പുകളുള്ളവർ കമ്പനി കോൾ സെന്റർ വഴിയോ വെബ്‌സൈറ്റ് വഴിയോ ട്വിറ്റർ അക്കൗണ്ട് വഴിയോ ബന്ധപ്പെടണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി ആവശ്യപ്പെട്ടു.
രാജകൽപനയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ 90 ലക്ഷം വൈദ്യുതി ഉപയോക്താക്കൾക്കും ബിൽ ഇഷ്യു ചെയ്യുന്ന തീയതി കമ്പനി ഏകീകരിച്ചിട്ടുണ്ട്. എല്ലാ മാസവും 28 നാണ് ബിൽ ഇഷ്യു ചെയ്യുന്നത്. മുൻ മാസങ്ങളെ അപേക്ഷിച്ച് ഏറെ ഉയർന്ന തുകയുടെ ബില്ലാണ് ഈ മാസം ഉപയോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതിൽ കൂടിയ നിരക്കാണ് ഈ മാസത്തെ ബില്ലിൽ കണക്കാക്കിയിരിക്കുന്നതെന്ന് കുറ്റപ്പെടുത്തി കമ്പനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഉപയോക്താക്കൾ വലിയ പ്രചാരണം നടത്തുന്നുണ്ട്.