ബാലരാമപുരത്തെ സ്വകാര്യ മത സ്ഥാപനത്തില്‍ നടന്ന ആത്മഹത്യയെക്കുറിച്ച് പ്രദേശവാസിയും സാമൂഹിക പ്രവര്‍ത്തകനുമായ എം.എം.നദ്‌വി യുടെ അന്വേഷണക്കുറിപ്പ്
ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം
കേരളത്തിലെ ഇസ്‌ലാമിക മത സ്ഥാപനങ്ങളുടെ ചരിത്രത്തില്‍ അത്യപൂര്‍വമായ ഒരു ദുഃഖ സംഭവമാണ് ബാലരാമപുരത്തെ സ്വകാര്യ മതപഠന കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ. സംഭവ സ്ഥലം നേരിട്ടു സന്ദര്‍ശിച്ചും, അപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, മറ്റ് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ എന്നിവരില്‍ നിന്നും നേരിട്ടു മനസിലാക്കിയ ചില കാര്യങ്ങള്‍:
ബീമാപ്പള്ളി സ്വദേശിനിയായ അസ്മിയ ഈ സ്ഥാപനത്തില്‍ ഏകദേശം ഒരു വര്‍ഷമായി പഠിച്ചു വരുന്ന വിദ്യാര്‍ഥിനിയാണ്. ഇക്കാലയളവില്‍ സ്ഥിരമായി വീട്ടുകാര്‍ നിശ്ചിത ദിവസങ്ങളില്‍ വരികയും സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്. അനുവദിക്കപ്പെട്ട സമയങ്ങളില്‍ മറ്റു കുട്ടികളെപ്പോലെ അസ്മിയയും വീട്ടുകാരോട് ഫോണില്‍ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ഒടുവിലെ പെരുന്നാള്‍ അവധിക്ക് പോവും വരെ ഇത് സംബന്ധമായി പരാതികള്‍ ഒരു ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
റമദാന്‍ അവധിക്ക് ബീമാപള്ളിയിലെ വീട്ടിലേക്ക് പോയത് മുതല്‍ അസ്മിയ സ്ഥാപനത്തിലേക്ക് മടങ്ങി പോവാന്‍ വിസമ്മതിക്കുകയും അവിടെ പഠനം തുടരാന്‍ താല്പര്യമില്ലെന്ന് വീട്ടുകാരോട് ആവര്‍ത്തി പറയുകയും ചെയ്തിരുന്നു. അതിന് ശേഷവും വീട്ടുകാര്‍ അവധി കഴിഞ്ഞ ദിവസം അസ്മിയയെ സ്ഥാപനത്തിലെത്തിക്കുകയായിരുന്നു.
സാധാരണ വെള്ളിയാഴ്ചകളില്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാറുള്ള അസ്മിയ സ്ഥാപനത്തിലെ ജീവനക്കാരുടെ ഭാഷ്യമനുസരിച്ച് ഫോണ്‍ തകരാറിലായതിനെ തുടര്‍ന്ന് പിറ്റെ ദിവസം ശനിയാഴ്ച (2023 മേയ് 13) ഉമ്മയെ വിളിക്കുകയും വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോവണമെന്നാവശ്യപ്പെട്ട് ശാഠ്യം പിടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഉമ്മയും മറ്റും അസ്മിയയെ കാണാനെത്തിയത്. സ്ഥാപനത്തിന്റെ ഫ്രണ്ട് ഓഫീസില്‍ കാത്തിരുന്ന വീട്ടുകാര്‍ക്ക് വേണ്ടി അസ്മിയയെ അന്വേഷിക്കുമ്പോഴാണ് അകത്ത് നിന്ന് കുറ്റിയിട്ട ലൈബ്രറി മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ അസ്മിയയെ കണ്ടെത്തുന്നത്. തുടര്‍ന്ന് വീട്ടുകാരും സ്ഥാപനത്തിലെ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അന്വേഷണം:
മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബാലരാമപുരം പോലീസ് അന്വേഷണം ഏറ്റെടുത്തു. സി.ഐ.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണ നടപടികള്‍ നടത്തിവരുന്നു. അസ്മിയയുടെ അടുത്ത കൂട്ടുകാരികള്‍, സ്ഥാപനത്തിലെ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ നിരവധി പേരുടെ മൊഴികള്‍ ശേഖരിച്ചു കഴിഞ്ഞു. സംഭവ സ്ഥലവും ആത്മഹത്യയുമായി ബന്ധപ്പെട്ട മുറിയും വസ്തുക്കളും ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായത്തോടെ സൂക്ഷ്മ പരിശോധന നടത്തി. തുടരന്വേഷണം നടന്നു വരുന്നു.
ആത്മഹത്യ
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. സാഹചര്യത്തെളിവുകളും ഇത് വരെ ലഭ്യമായ അനുബന്ധ വിവരങ്ങളും ഈ നിഗമനത്തെ ശരിവെക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മറിച്ചുള്ള എന്തെങ്കിലും തെളിവുകള്‍ ലഭിക്കുന്നത് വരെ മറ്റു സാധ്യതകള്‍ക്ക് അടിസ്ഥാനമില്ല.
സ്ഥാപനത്തെപ്പറ്റി
ഏകദേശം രണ്ട് പതിറ്റാണ്ടു കാലമായി ബാലരാമപുരം വിഴിഞ്ഞം റോഡിന് സമീപത്തെ ഇടമനക്കുഴിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഖദീജത്തുല്‍ കുബ്‌റ വിമന്‍സ് അറബിക് കോളേജ് എന്ന ഈ സ്ഥാപനം ബാലരാമപുരം സ്വദേശിയും ദീര്‍ഘകാലമായി പ്രവാസിയുമായ അബ്ദുല്‍ ഗഫൂര്‍ ഹാജി എന്നയാള്‍ ചെയര്‍മാന്‍ ആയുള്ള അല്‍അമാന്‍ എജുക്കേഷനല്‍& ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മലബാര്‍ ഭാഗത്ത് നിന്നുള്ളവരാണ് പ്രധാന അധ്യാപകരും, ജീവനക്കാരും.
അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മകളും അവരുടെ ഭര്‍ത്താവുമാണ് പെണ്‍കുട്ടികളുടെ പാഠശാല (ബനാത്ത്) യുടെ മേല്‍നോട്ടം നിര്‍വഹിച്ചു വരുന്നത്. മലപ്പുറം ജില്ലയിലെ മര്‍ഹൂം അത്തിപ്പെറ്റ ഉസ്താദിന്റെ പൗത്രനാണ് ഈ മരുമകന്‍.
വിദ്യാര്‍ഥിനികളുടെ സ്വകാര്യതയും സുരക്ഷിതത്വവും പരിഗണിച്ച് സ്ഥാപനം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്കും കര്‍ശനമായ ക്രമീകരണങ്ങള്‍ക്കും വിധേയമായിട്ടാണ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചു വരുന്നത്. വനിതകള്‍ മാത്രമാണ് ഗേള്‍സ് കാമ്പസിനുള്ളിലെ കൈകാര്യകര്‍ത്താക്കള്‍. രണ്ട് പതിറ്റാണ്ടിനിടയില്‍ ഈ വിഷയത്തില്‍ രക്ഷകര്‍ത്താക്കളില്‍ നിന്നോ മറ്റോ പരാതികളോ വീഴ്ചകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നാട്ടുകാരും മറ്റു രക്ഷിതാക്കളും
എന്ത് പറയുന്നു?
സജീവ മുസ്‌ലിം സാന്നിധ്യമുള്ള വാണിജ്യ കേന്ദ്രമായ ബാലരാമപുരം പഞ്ചായത്ത് പരിധിയിലുളള നാലു മഹല്ലു ജമാഅത്തുകളുമായി ഔദ്യോഗിക ബന്ധങ്ങളൊന്നും ഈ സ്ഥാപനത്തിനില്ല. നാട്ടുകാര്‍ക്ക് ഇത് വരെ ഗുരുതരമായ ആക്ഷേപങ്ങളൊന്നുമുണ്ടായിട്ടില്ല. അധ്യാപകരും ജീവനക്കാരും ഈ നാട്ടുകാര്‍ അല്ലാത്തതിനാലും നാട്ടില്‍ സജീവ സാന്നിധ്യമുള്ള ആരും മാനേജ്‌മെന്റിന്റെയോ ഈ ട്രസ്റ്റിന്റെയോ ഭാഗമല്ലാത്തതിനാലും കൂടുതല്‍ വിവരങ്ങളൊന്നും നാട്ടിലെ മറ്റുള്ളവര്‍ക്ക് പറയാനാവില്ല.
മരണപ്പെട്ട കുട്ടിയോടൊപ്പം പഠിച്ചിരുന്ന കുട്ടികളില്‍ നിന്നോ അവരുടെ രക്ഷകര്‍ത്താക്കളില്‍ നിന്നോ സ്ഥാപനത്തിലെ ചിട്ടവട്ടങ്ങളെപ്പറ്റിയോ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ചോ ഇതുവരെ പരാതി ലഭിച്ചിട്ടില്ല.
പ്രചരണങ്ങളും അന്വേഷണം
വഴിതെറ്റിക്കാനുള്ള സമ്മര്‍ദ്ദവും
സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്ന പ്രചരണങ്ങളുടെ ചുവട് പിടിച്ച് അന്വേഷണം വഴി തെറ്റിക്കാനുള്ള സമ്മര്‍ദവുമായി ആഖജ മുതലെടുക്കാന്‍ രംഗത്ത് വന്നതോടെ വിഷയത്തില്‍ വര്‍ഗീയ വിഷം കലര്‍ത്താനുള്ള പ്രത്യക്ഷ ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു.
എന്നാല്‍,
നിഷ്പക്ഷമായി അന്വേഷണം നടക്കട്ടെ, എല്ലാവര്‍ക്കും നീതി ലഭ്യമാവണം എന്നാണ് നാട്ടുകാരുടെ നിലപാട്.
കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ അത്യന്തം ദു:ഖകരമായ മരണത്തെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷണം പൂര്‍ത്തിയാവണം. സത്യസന്ധമായ വിവരങ്ങള്‍ പുറത്ത് വരണം. അതിനാവണം പ്രഥമ പരിഗണന. അസ്മിയക്കും കുടുംബത്തിനും മാത്രമല്ല, ബന്ധപ്പെട്ട എല്ലാവര്‍ക്കും നീതി ലഭ്യമാവണം. അനാവശ്യമായി ആരും വേട്ടയാടപ്പെടരുത്.
ബന്ധപ്പെട്ട നിയമ ക്രമീകരണങ്ങളും ഔദ്യോഗിക നടപടികളും ആദ്യാവസാനം സുതാര്യമായും ബാഹ്യ ഇടപെടലുകളോ സമ്മര്‍ദ്ദങ്ങളോ നേരിടാതെയും നടക്കണം. അതിനുള്ള അനുകൂലാന്തരീക്ഷം ലഭ്യമാക്കുകയാണ് ആദ്യം വേണ്ടത്.
പണ്ഡിതരോടും,സമുദായ നേതൃത്വത്തോടും
ഓരോ വിവാദങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും മറുപടിയും വിശദീകരണവും നല്‍കുന്നതിന് പകരം അവയുടെ കാരണങ്ങള്‍ സൂക്ഷ്മമായി പഠിച്ച് ഭാവിയില്‍ സംഭവിക്കാതിരിക്കാനുള്ള കരുതല്‍ നിര്‍ദേശങ്ങള്‍ തയ്യാറാക്കി ബന്ധപ്പെട്ട മേഖലകളിലുള്ളവരെ ബോധവത്കരിക്കാന്‍ സംവിധാനമുണ്ടാവണം.
ഊഹങ്ങള്‍ക്ക് സാധ്യതയില്ലാത്ത വിധം മത സ്ഥാപനങ്ങള്‍ക്ക് വേണ്ട പശ്ചാത്തല യോഗ്യത ഉറപ്പ് വരുത്തണം.
സ്വകാര്യ വ്യക്തികളോ, ട്രസ്റ്റുകളോ നടത്തുന്നവയടക്കം സ്ഥാപനങ്ങളെ കോര്‍ത്തിണക്കി നിര്‍ത്തി നിലവാരം ശാസ്ത്രീയമായി മെച്ചപ്പെടുത്താനും ന്യൂനതകള്‍ യഥാസമയം പരിഹരിക്കാനും സഹായിക്കുന്ന ഒരു ഉന്നത ഏകോപന സമിതി ഉണ്ടാവണം.