Sorry, you need to enable JavaScript to visit this website.

ഹജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മദീനയിലെ ഹോട്ടല്‍ മേഖല ഒരുങ്ങുന്നു

മദീനയില്‍ മസ്ജിദുന്നബവിക്ക് ചുറ്റുമുള്ള ഹോട്ടലുകള്‍.

മദീന- ഹജ് ആസന്നമായിരിക്കെ, തീര്‍ഥാടകരെ വരവേല്‍ക്കാന്‍ പ്രവാചക നഗരത്തിലെ ഹോട്ടലുകള്‍ ഒരുക്കം തുടങ്ങി. ഈ വര്‍ഷം ഉംറ സീസണില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഹോട്ടലുകള്‍ക്ക് മികച്ച ഒക്യുപെന്‍സി നിരക്കാണ് രേഖപ്പെടുത്തിയതെന്ന് ഓപറേറ്റര്‍മാര്‍ പറയുന്നു. മിക്ക ഹോട്ടലുകളും പൂര്‍ണമായും ഉപയോഗപ്പെടുത്തായി.
മുഹറം മുതല്‍ റമദാന്‍ അവസാനം വരെ മികച്ച രീതിയിലാണ് ഹോട്ടലുകളില്‍ താമസക്കാര്‍ എത്തിയത്. മദീനയിലെ ഹോട്ടലുകളും ലൈസന്‍സുള്ള റെസിഡന്‍ഷ്യല്‍ ഹോമുകളും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും റിസര്‍വേഷന്‍ വാഗ്ദാനം ചെയ്യുന്നു. അതിഥികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും മെച്ചപ്പെടുത്തുക, വരുന്ന ഹജ് സീസണില്‍ അതിഥികളെ ആകര്‍ഷിക്കുന്നതിനുള്ള ഓഫറുകള്‍ അവതരിപ്പിക്കുക തുടങ്ങിയവയാണ് ഇപ്പോഴത്തെ ലക്ഷ്യം. മെയ് 20 നും ജൂലൈ 30 നുമിടയില്‍ 1.8 ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ മദീനയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഹോട്ടലിലെ റിസര്‍വേഷന്‍ വകുപ്പും ഭക്ഷണ പാനീയ വകുപ്പും ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അതിഥികളുടെ അഭ്യര്‍ഥന നിറവേറ്റുന്നതിനായി വിഭവങ്ങളുടെ ഗുണനിലവാരവും ഭക്ഷണത്തിന്റെ വൈവിധ്യവും അതിഥികളുടെ അഭിരുചിക്കനുസരിച്ച് നിറവേറ്റുമെന്നും ഭക്ഷണപാനീയ വകുപ്പിലെ റൂം സര്‍വീസ് ഡയറക്ടറായി ജോലി ചെയ്യുന്ന മുസ്തഫ അഹ്രോ പറഞ്ഞു.
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ ഗ്രൂപ്പുകള്‍ വരാനിരിക്കുന്ന ഹജ് സീസണില്‍ എത്തുന്നതായും മുന്‍ റിസര്‍വേഷന്‍ അനുസരിച്ച് ഏഷ്യന്‍ പാചകരീതിയാണ് ഹോട്ടല്‍ ദിവസേന സജ്ജമാക്കുന്ന അന്താരാഷ്ട്ര ബുഫെയില്‍ കൂടുതലെന്നും അദ്ദേഹം സൂചിപ്പിച്ചു.
 

 

Latest News