Sorry, you need to enable JavaScript to visit this website.

കൊച്ചി പുറംകടലിൽനിന്ന് പിടികൂടിയ ലഹരി മരുന്ന് എത്തിയത് പാക്കിസ്ഥാനിൽനിന്ന്

കൊച്ചി- കൊച്ചി പുറംകടലിൽ നിന്ന് പിടികൂടിയ 25,000 കോടി രൂപയുടെ ലഹരിമരുന്ന് എത്തിയത് പാകിസ്താനിൽ നിന്നെന്ന് എൻ.സി.ബി റിപ്പോർട്ട്. ചാര നിറത്തിലുള്ള പേരില്ലാ കപ്പലിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ശനിയാഴ്ചയാണ് കൊച്ചി പുറംകടലിൽ കപ്പൽ വളഞ്ഞ് മെത്താംഫിറ്റമിൻ ലഹരിമരുന്ന് എൻ.സി.ബി.യും നാവികസേനയും പിടിച്ചെടുത്തത്. എൻ.സി.ബിയുടെ പിടിയിലായ സുബൈർ പാക് പൗരനാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇറാൻ സ്വദേശിയാണ് താനെന്നായിരുന്നു ഇയാളുടെ വാദം. ഇയാൾ നൽകിയ വിലാസവും ഇറാനിലേതാണ്. എന്നാൽ, പ്രതി പാക് പൗരനാണെന്നും അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്നും എൻ.സി.ബി വ്യക്തമാക്കുന്നു. പാകിസ്താനിൽ നിന്നുള്ള മയക്കുമരുന്ന് കടത്തുസംഘമാണ് തനിക്ക് മെത്താംഫിറ്റമിൻ നൽകിയതെന്ന് സുബൈർ മൊഴി നൽകി. ഇവ കൃത്യമായി എത്തിച്ച് നൽകിയാൽ വലിയ തുക പ്രതിഫലം നൽകുമെന്ന് ഇവർ വാഗ്ദാനം നൽകിയതായും പ്രതി കൂട്ടിച്ചേർത്തു.

പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പാണ് അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിലെന്നാണ് എൻ.സി.ബി.യുടെ പ്രാഥമിക കണ്ടെത്തൽ. ഒരു കിലോയുടെ പാക്കറ്റുകളിലാക്കി 132 ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളിലാണ് ഇവ കപ്പലിൽ സൂക്ഷിച്ചിരുന്നത്. 
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നേവിയും ചേർന്ന് ഇന്ത്യൻ തീരക്കടലിൽ നടത്തിയ ഓപ്പറേഷനിൽ കപ്പലിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്. 
വൻതോതിൽ മയക്കുമരുന്നുമായി ഒരു മദർഷിപ്പ് ഇന്ത്യൻ തീരത്തേക്ക് വരുന്നതായി രഹസ്യാന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് എൻ.സി.ബി ഉദ്യോഗസ്ഥരും നേവിയും കടലിൽ സംയുക്ത തിരച്ചിൽ ആരംഭിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള മയക്കുമരുന്നു കള്ളക്കടത്ത് പിടികൂടുന്നതിനായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കഴിഞ്ഞ വർഷം ആരംഭിച്ച ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായിരുന്നു തിരച്ചിൽ. പാക്കിസ്ഥാൻ തീരത്തോട് ചേർന്നു കിടക്കുന്ന മക്‌റാൻ ഭാഗത്തു നിന്നും വൻതോതിൽ മെത്താംഫെറ്റമിനുമായി ഒരു മദർഷിപ്പ് വരുന്നതായാണ് വിവരം ലഭിച്ചത്.

മദർഷിപ്പുകൾ അവയുടെ സഞ്ചാരപാതയിലുടനീളം ചെറുകപ്പലുകൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുകയാണ് ചെയ്യാറ്. മദർഷിപ്പ് കടന്നുപോകാൻ സാധ്യതയുള്ള കപ്പൽപ്പാതകൾ സൂക്ഷ്മമായി വിലയിരുത്തി ഇന്ത്യൻ നേവിയുടെ നാവിക കപ്പലിൽ നടത്തിയ പരിശോധനയിൽ ഒരു വലിയ മദർഷിപ്പ് സംശയകരമായി കണ്ടെത്തി. ഇതിൽ നടത്തിയ പരിശോധനയിലാണ് 134 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന മെത്താംഫെറ്റമിൻ കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്ത പാക്കിസ്ഥാനി പൗരൻ സ്പീഡ് ബോട്ടിലാണ് കപ്പലിനെ അനുഗമിച്ചിരുന്നത്. പിടികൂടിയ മയക്കുമരുന്നും സ്പീഡ് ബോട്ടും പാക്കിസ്ഥാൻ പൗരനെയും നേവിയുടെ കപ്പലിൽ മട്ടാഞ്ചേരി വാർഫിൽ എത്തിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർക്ക് കൈമാറി. 
രാജ്യത്ത് ഇത്രവലിയ അളവിൽ മെത്താംഫെറ്റമിൻ പിടികൂടുന്നത് ആദ്യമാണെന്നമ് എൻ സി ബി ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായി ഒന്നര വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ മയക്കുമരുന്നു വേട്ടയാണിത്. 3200 കിലോ മെത്താംഫെറ്റമിനും 500 കിലോ ഹറോയിനും 529 കിലോ ഹാഷിഷുമാണ് ഇക്കാലയളവിൽ പിടികൂടിയിരുന്നത്. 

ഡി.ആർ.ഐ, ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, ഇന്ത്യൻ നേവിയുടെ ഇന്റലിജൻസ് വിഭാഗം, ടെക്‌നിക്കൽ ഇന്റലിജൻസ് ഏജൻസിയായ എൻ.ടി.ആർ. ഒ തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന ഇൻപുട്ടുകളുപയോഗിച്ചാണ് ഓപ്പറേഷൻ സമുദ്രഗുപ്ത് മയക്കുമരുന്നു വേട്ട നടത്തുന്നത്. ഗുജറാത്ത് തീരത്ത് നിന്ന് 2022 ഫെബ്രുവരിയിലാണ് സമുദ്രഗുപ്തിന്റെ ഭാഗമായി ആദ്യ മയക്കുമരുന്നു വേട്ട നടന്നത്. അന്ന് ബലൂചിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും കടത്തുകയായിരുന്ന 529 കിലോ ഹാഷിഷും 221 കിലോ മെത്താംഫെറ്റമിനും 13 കിലോ ഹെറോയിനും പിടികൂടാൻ സാധിച്ചു. കഴിഞ്ഞ ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 200 കിലോ ഹൈ ഗ്രേഡ് ഹെറോയിൻ കേരള തീരത്ത് നിന്ന് പിടികൂടി. ഇത്തരം ഓപ്പറേഷനുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ശ്രീലങ്കക്കും മാലദ്വീപിനും കൈമാറിയതിന്റെ ഫലമായി ലങ്കൻ നേവി 286 കിലോ ഹെറോയിനും 128 കിലോ മെത്താംഫെറ്റമിനുമായി 19 പേരെ കഴിഞ്ഞ ഡിസംബറിലും കഴിഞ്ഞ ഏപ്രിലിലുമായി അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിൽ മാലദ്വീപ് പോലീസ് 4കിലോ ഹെറോയിനുമായി 5 പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഈ ഓപ്പറേഷനുകളുടെ തുടർച്ചയായാണ് കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാൻ തീരത്തു നിന്ന് പുറപ്പെട്ട മദർഷിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ശ്രീലങ്കയിൽ നിന്നും മാലദ്വീപിൽ നിന്നുമുള്ള രഹസ്യവിവരങ്ങളും ഓപ്പറേഷന് തുണയായി. 

Latest News