Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണത്തിലൂടെ ജോലി ലഭിച്ചത് അഞ്ചു ലക്ഷം പേർക്ക് 

ജിദ്ദ - സൗദിവൽക്കരണ തീരുമാനങ്ങളിലൂടെ നാലു വർഷത്തിനിടെ അഞ്ചു ലക്ഷത്തിലേറെ സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. സൗദി ഇക്കണോമിക് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ തൊഴിൽ വിപണിയിലെ തന്ത്രപരമായ പരിവർത്തനങ്ങൾ എന്ന ശീർഷകത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. 2019 മുതൽ ഇതുവരെയാണ് സ്വദേശിവൽക്കരണ തീരുമാനങ്ങളിലൂടെ ഇത്രയും പേർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചത്. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട് മന്ത്രാലയം തയാറാക്കിയ മുഴുവൻ തന്ത്രങ്ങളും 2025 അവസാനിക്കുന്നതിനു മുമ്പായി പൂർത്തിയാകും. 
നിരവധി നേട്ടങ്ങൾ കൈവരിക്കാൻ തന്ത്രങ്ങളിലൂടെ സാധിച്ചു. തൊഴിൽ വിപണിയുടെ അഭിവൃദ്ധിക്ക് ഇവ സഹായിച്ചു. ഇതിന്റെ ഫലങ്ങൾ തൊഴിലില്ലായ്മ നിരക്കിലും തൊഴിലാളികളുടെ ഉൽപാദനക്ഷമതയിലും പ്രകടമാകുന്നു. വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട് 2025 ഓടെ കൈവരിക്കാൻ ലക്ഷ്യമിട്ടിരുന്ന മുഴുവൻ ലക്ഷ്യങ്ങളും കഴിഞ്ഞ വർഷാവസാനത്തോടെ തന്നെ നേടാൻ സാധിച്ചു. 
ഫ്രീലാൻസ്, ഫഌക്‌സിബിൾ, ഡിസ്റ്റൻസ് രീതികളിലുള്ള പുതിയ തൊഴിൽ ശൈലികൾ നിഴൽ സമ്പദ്‌വ്യവസ്ഥ ഇല്ലാതാക്കാനും മൊത്തം ആഭ്യന്തരോൽപാദനം ഉയർത്താനും യൂനിവേഴ്‌സിറ്റി വിദ്യാർഥികൾ അടക്കം വ്യക്തികളുടെ വരുമാന സ്രോതസ്സുകൾ വർധിപ്പിക്കാനും വനിതകൾക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും സഹായിക്കും. പങ്കാളിത്ത സമ്പദ്‌വ്യവസ്ഥ വളരെ പ്രധാനമാണ്. ഇത് സർവ മേഖലകളിലും സ്വദേശികളെ ബാധിക്കുന്നു. പങ്കാളിത്ത ഇ-പ്ലാറ്റ്‌ഫോമുകൾ നിയമ ലംഘകരായ വിദേശികൾ പ്രയോജനപ്പെടുത്തുന്നത് തടയാനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമാണ് മന്ത്രാലയം ഉന്നമിടുന്നത്. 
തൊഴിൽ വിപണിക്ക് അനുയോജ്യമായ കോഴ്‌സുകൾ നടത്തുന്നതിന് വിദ്യാഭ്യാസ മേഖലയുമായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സംയോജനത്തോടെ പ്രവർത്തിക്കുന്നു. മാർച്ച് മാസത്തിൽ സൗദിയിലെ 45 സർക്കാർ, സ്വകാര്യ യൂനിവേഴ്‌സിറ്റി പ്രതിനിധികളുടെ പങ്കാളിത്തത്തോടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശിൽപശാല സംഘടിപ്പിച്ചു. 2025 അവസാനം വരെ സൗദി വിപണിയുടെ ആവശ്യവും ലഭ്യതയുമായി ബന്ധപ്പെട്ട കണക്കുകളും റിപ്പോർട്ടുകളും ശിൽപശാലയിൽ അവതരിപ്പിച്ചു. 
തൊഴിൽ വിപണിക്ക് ആവശ്യമില്ലാത്ത കോഴ്‌സുകൾ രാജ്യത്തെ സർവകലാശാലകൾ നടത്തുന്നതായി ഈ വിവരങ്ങളും റിപ്പോർട്ടുകളും വ്യക്തമാക്കി. മറ്റു ചില കോഴ്‌സുകളിൽ വളരെ കുറഞ്ഞ എണ്ണം ബിരുദധാരികളെ മാത്രമാണ് തൊഴിൽ വിപണിക്ക് ആവശ്യമുള്ളത്. ആരോഗ്യ, സാങ്കേതിക കോഴ്‌സുകൾ പോലെ ചില കോഴ്‌സുകൾക്ക് ഇപ്പോഴും തൊഴിൽ വിപണിയിൽ ആവശ്യമുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രി പറഞ്ഞു.  
ഭാവിയിലെ തൊഴിൽ ശൈലികൾ മുൻകൂട്ടി കാണാനും വികസിപ്പിക്കാനും മന്ത്രാലയം ആഗ്രഹിക്കുന്നു. നൂതന തൊഴിൽ ശൈലികൾ പ്രോത്സാഹിപ്പിക്കാനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ഫ്യൂച്ചർ വർക്ക് കമ്പനിയെന്ന പേരിൽ 2020 ൽ മന്ത്രാലയം പുതിയ കമ്പനി സ്ഥാപിച്ചു. പാരമ്പര്യേതര ശൈലികളിൽ 17 ലക്ഷത്തിലേറെ സ്വദേശി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ തൊഴിൽ ശൈലികൾ 12,000 ലേറെ കമ്പനികൾ പ്രയോജനപ്പെടുത്തിയതായും എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.
 

Latest News