Sorry, you need to enable JavaScript to visit this website.

വീണ്ടും പാളം കയറി നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതി;

കല്‍പറ്റ-നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡ് നേരിട്ട് തയാറാക്കും. അന്തിമ സ്ഥലനിര്‍ണയ സര്‍വേയും ബോര്‍ഡ് നടത്തും. ഇതിനായി 5.9 കോടി രൂപ അനുവദിച്ച് ബോര്‍ഡ് ഉത്തരവിറക്കി. ഡി.എം.ആര്‍.സി മേധാവിയായിരുന്ന ഡോ.ഇ.ശ്രീധരന്‍ കേന്ദ്ര റയില്‍ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഡി.പി.ആര്‍, അന്തിമ സ്ഥലനിര്‍ണയ കാര്യങ്ങളില്‍  തീരുമാനമെന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ്  റയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ടിഎം.റഷീദ് അറിയിച്ചു. ആക്ഷന്‍ കമ്മിറ്റി അഞ്ചുവര്‍ഷമായി നടത്തുന്ന പോരാട്ടത്തിന്റെ വിജയമാണിതെന്നു അദ്ദേഹം പറഞ്ഞു.
ഇതേ പാതയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിന് റെയില്‍വേ ബോര്‍ഡ് അനുമതിയോടെ സംസ്ഥാന സര്‍ക്കാര്‍  2016ല്‍ ഡി.എം.ആര്‍.സിയെ നിയോഗിച്ചിരുന്നു. എന്നാല്‍  പിന്നീടുവന്ന സര്‍ക്കാര്‍ ഫണ്ട്  അനുവദിക്കാത്ത സാഹചര്യത്തില്‍ ഡി.എം.ആര്‍.സിക്കു ഡി.പി.ആര്‍ തയാറാക്കാനായില്ല.
കേരളത്തില്‍നിന്നു മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയത്തില്‍ വലിയ കുറവുവരുത്തുന്നതാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത. ഇത് സംയുക്ത സംരംഭമായി യാഥാര്‍ഥ്യമാക്കുന്നതിനു 2015ല്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരുന്നു. 2016ലെ റയില്‍വേ ബജറ്റിലൂടെ  നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 3,000 കോടി രൂപ കേന്ദ്ര വിഹിതം കണക്കാക്കി  പ്രൊജക്ട് സംയുക്ത സംരഭ പദ്ധതികളില്‍ ഉള്‍പ്പെടുത്തി. ഡി.പി.ആര്‍ തയാറാക്കാന്‍ കേരള സര്‍ക്കാരിന് അനുമതി നല്‍കി. എന്നാല്‍ തത്പര കക്ഷികളുടെ ഇടപെടല്‍ മൂലം ഡി.എം.ആര്‍.സിക്ക് സര്‍വേ നടത്താന്‍ കഴിയാതെവന്നു.
റെയില്‍വേ വിഷയത്തില്‍ ആക്ഷന്‍ കമ്മിറ്റി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതും ഡോ.ഇ.ശ്രീധരനും കേന്ദ്ര റെയില്‍മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു  കളമൊരുങ്ങുന്നതിനു സഹായകമായെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു.

Latest News