കൊല്ലം - ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട കേസില്‍ പോലീസിനൊപ്പം തന്നെ ഡോക്ടര്‍മാര്‍ക്കും വീഴ്ച്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവം തടയുന്നതില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും പോലീസിനും കുറ്റകരമായ ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ സാജന്‍ മാത്യു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഡോക്ടര്‍മാരുടെ വീഴ്ച ചൂണ്ടിക്കാട്ടുന്നത്. ഹൗസ് സര്‍ജന്മാരെ കൂടാതെ ഡോക്ടര്‍മാരേയും സംഭവദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാല്‍ സന്ദീപിനെ ചികിത്സിച്ച സമയത്ത് രണ്ട് ഡോക്ടര്‍മാരുടേയും സാന്നിധ്യമുണ്ടായിരുന്നില്ല. ഇവര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ഗുരുതര പരിക്ക് പറ്റിയ വന്ദനയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും മുന്‍പ് പ്രാഥമിക ചികിത്സ നല്‍കിയിരുന്നില്ല. സംഭവം നേരിടുന്നതില്‍ പോലീസിനും ഗുരുതര വീഴ്ച്ചയുണ്ടായി. അക്രമം നടക്കുമ്പോള്‍ പോലീസ് പുറത്തേക്ക് ഓടിയെന്നും സ്വയം രക്ഷയ്ക്കായി കതക് പുറത്ത് നിന്ന് അടയ്ക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആശുപത്രിയിലെ മറ്റ് സുരക്ഷ ജീവനക്കാരും കാര്യക്ഷമമായി ഇടപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.