നന്മയോട് ഹൃദയൈക്യമുള്ളവരെ സന്തോഷിപ്പിക്കുന്ന നിലപാടാണ് കേരളത്തിലെ രണ്ട് യുവാക്കളിലൂടെ കാണാൻ സാധിച്ചിരിക്കുന്നത്. ഒരാൾ തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു മഹാവിപത്തിനെതിരെയുള്ള (മദ്യം) പോരാട്ടത്തിന്റെ വഴിയിൽ. മറ്റൊരാൾ പ്രവർത്തിക്കുന്നതേ പറയൂ എന്ന തീരുമാനത്തിലും. കൂരിരുട്ടിന്റെ കാലത്ത, നല്ല ശരികൾ ചെയ്യുന്ന, പറയുന്ന ഭാവി നേതാക്കൾ എന്തൊരാശ്വാസമാണ്?
കേരള നിയമസഭക്കകത്തും, പുറത്തും കേട്ട രണ്ട് വികാര പ്രകടനങ്ങൾ സമകാലിക അവസ്ഥയിൽ ഏറെ പ്രധാന്യമർഹിക്കുന്നവയാണ്. ഏറ്റവും പ്രധാനമായി തോന്നിയത് ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞ കാര്യമാണ്. സ്പീക്കറുടെ വാക്കുകൾ ഇങ്ങനെ: പൊതുപ്രവർത്തകനായപ്പോൾ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ഒരു പരിപാടിക്ക് വിളിച്ചു. യോഗത്തിന് ചെന്നപ്പോൾ മയക്കുമരുന്നിനെതിരേ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കണമെന്ന് സംഘാടകരുടെ ആവശ്യം. ഇത് കേട്ട് ഞാനങ്ങ് വല്ലാതായിപ്പോയി. കടുത്ത മനഃസാക്ഷിക്കുത്ത്.
താൻ സിഗററ്റ് വലിക്കാരനാണെന്നും പ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും തുറന്നു പറഞ്ഞപ്പോൾ അവർ വീണ്ടും നിർബന്ധിച്ചു. അങ്ങനെ മനസ്സില്ലാമനസ്സോടെ ചൊല്ലിക്കൊടുക്കേണ്ടി വന്നു...' തമിഴ് സിനിമാനടൻ സ്റ്റൈൽ മന്നൻ രജനീകാന്തിനെ അനുകരിച്ച് പുകവലി ശീലിച്ച താൻ എങ്ങനെ പിന്നീട് പുകവലി പൂർണമായി ഉപേക്ഷിച്ചുവെന്ന കാര്യമാണ് സ്പീക്കർ ആ വേദിയിൽ വിവരിച്ചത്. ഒരു സാധാരണ പ്രസംഗം എന്നതിനപ്പുറം ഇത് മറ്റ് പല പ്രധാന കാര്യങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. മനുഷ്യർ പ്രവർത്തിക്കുന്നതേ പറയാവൂ എന്നതാണത്. ഈ വേദപാഠമൊന്നുമാകില്ല കമ്യൂണിസ്റ്റായ ശ്രീരാമകൃഷ്ണനെ ഈ വഴിക്ക് ചിന്തിപ്പിച്ചത്. സഹജമായ മനുഷ്യ നന്മയാൽ പ്രചോദിതമായ സ്വാഭാവിക നടപടി. ലഹരി വിരുദ്ധ പ്രസംഗം നടത്തിയ താൻ പുകവലിക്കുന്നത് കുട്ടികളുടെ ശ്രദ്ധയിൽ പെട്ടാൽ നാണക്കേടല്ലേ എന്ന വിചാരമാണ് പുകവലി എന്ന തിന്മയിൽ നിന്ന് തന്നെ മാറ്റിയതെന്ന് ശ്രീരാമകൃഷ്ണൻ വിശദീകരിക്കുന്നുണ്ട്. നേതാക്കളും ഭരണാധികാരികളും പറയുന്നതേ പ്രവർത്തിക്കൂ എന്നുവന്നാൽ സമൂഹത്തിനുണ്ടാകുന്ന പരിവർത്തനം എത്രയോ വലുതായിരിക്കും. ലോകത്തെ മാറ്റിമറിച്ച നേതാക്കളെല്ലാം അങ്ങനെയുള്ളവരായിരുന്നു. ശ്രീരാമകൃഷ്ണനെപ്പോലുള്ളവർ വാക്കും പ്രവൃത്തിയും യോജിച്ചു പോകാൻ ആഗ്രഹിക്കുന്നവരാണെന്ന് വരുന്നത് വരും കാലത്തെക്കുറിച്ചും പ്രതീക്ഷ നൽകുന്നുവെന്നതാണ് ഏറെ സന്തോഷകരം. കാരണം അദ്ദേഹം ചെറുപ്പമാണ്. പറയുന്നതൊന്നും പ്രവർത്തിക്കാത്ത നേതാക്കൾ കാരണം പുതുതലമുറക്ക് അവരുടെ നേതാക്കളിൽ തന്നെ വിശ്വാസമില്ലാതായ കാലമാണിതെന്ന് കൂടി ഓർക്കണം. അടുത്ത കാലം വരെ കേരളത്തിലെ സ്‌കൂൾ കുഞ്ഞുങ്ങളോട് ഇഷ്ടപ്പെട്ട നേതാവാരാണ് എന്ന് ചോദിക്കുമ്പോൾ അവർക്ക് പേര് പറയാൻ ഒന്നോ രണ്ടോ നേതാക്കളെങ്കിലുമുണ്ടായിരുന്നു. ഇന്നോ? ശ്രീരാമകൃഷ്ണന്റെ പ്രസംഗം വേദിയിലെ 'സെന്റിമെന്റ്‌സ്' പ്രസക്തവും പ്രാധാന്യമർഹിക്കുന്നതുമാകുന്നത് ഇവിടെയാണ്. 1937 ജൂലൈ 17 ന് ഗാന്ധിജി 'ഹരിജനിൽ' എഴുതിയ ലേഖനത്തിലെ ഒരു ഭാഗം പെരുന്ന കെ.എൻ.നായർ ഇങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്: കോൺഗ്രസ് മന്ത്രിമാർ പെരുമാറേണ്ടത് എങ്ങനെ? അവരുടെ പ്രസിഡന്റ്, മൂന്നാം ക്ലാസിൽ സഞ്ചരിക്കുമ്പോൾ അവർ ഒന്നാം ക്ലാസിൽ സഞ്ചരിക്കുമോ? പ്രസിഡന്റ് ഒരു പരുക്കൻ ഖാദി ദോത്തിയും കുർത്തയും വെയ്സ്റ്റ് കോട്ടും കൊണ്ട് തൃപ്തിപ്പെടുന്നു. മന്ത്രിമാർക്ക് പാശ്ചാത്യ രീതിയിലുള്ള വേഷവും പാശ്ചാത്യമട്ടിലുള്ള ചെലവും വേണമോ?
ഗാന്ധിജിയുടെ ഈ വാക്കുകൾ അതിന്റെ വാക്കർഥത്തിലല്ല ശ്രീരാമകൃഷ്ണൻ ഉൾക്കൊണ്ടത്. കൂടെ കൊണ്ടുനടക്കുന്ന നിലപാടിന്റെ ആത്മാവ് അതാണ്, നേതാവ് എങ്ങനെയാണോ അങ്ങനെയാകും അനുയായികൾ. കേരള രാഷ്ട്രീയത്തിലെ നാളെയുടെ നായകരായ വ്യക്തികളിൽ ഇതുപോലുള്ള മൂല്യബോധം വളർന്നുവരുന്നതുപോലെ പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യമില്ല.
നിയമസഭയിൽ അബ്കാരി ബില്ലുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയിൽ കോൺഗ്രസ് അംഗം അനിൽ അക്കര നടത്തിയ വികാരപ്രകടനമാണ് മറ്റൊന്ന്. താനെങ്ങനെ തികഞ്ഞ മദ്യവിരുദ്ധനായെന്ന് വിവരിക്കവേ അനിൽ പറഞ്ഞ കാര്യങ്ങൾ എല്ലാ മനുഷ്യരെയും പലവട്ടം ഇരുത്തിച്ചിന്തിപ്പിക്കും. മദ്യം തന്റെ കുടുംബത്തിനു വരുത്തി വെച്ച ദുരന്തങ്ങളാണ് ഒന്നൊന്നായി അദ്ദേഹം വിവരിച്ചത്. അച്ഛൻ നല്ലൊരു മദ്യപനായിരുന്നു. മദ്യത്തിന്റെ ഉന്മാദത്തിൽ അദ്ദേഹം കോയമ്പത്തൂരിൽവെച്ച് ആത്മഹത്യ ചെയ്തു. മുത്തച്ഛനും മദ്യാസക്തനായിരുന്നു. മദ്യലഹരിയിൽ ഒരു ബൈക്കപകടത്തിലാണ് അദ്ദേഹം മരിച്ചുപോയത്. അങ്ങനെ കടുത്ത ജീവിതാനുഭവങ്ങൾ അനിലിനെ മറയില്ലാത്ത മദ്യവിരോധിയാക്കി.
മദ്യനിരോധനത്തെക്കുറിച്ചു പറയുമ്പോൾ പലരും അതു മൂലം തൊഴിൽ നഷ്ടപ്പെടുന്നവരുടെ കണക്കു നിരത്തും. മദ്യത്തിന് ഇരകളായ കുടുംബങ്ങളുടെ കണക്കാണ് എടുക്കേണ്ടതെന്ന അനിലിന്റെ വികാരപ്രകടനത്തിന് വല്ലാത്തൊരു പ്രഹര ശേഷിയുണ്ടാകുന്നത് അത് ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യങ്ങളായതുകൊണ്ടു മാണ്. ഇതു പോലുള്ള അനുഭവങ്ങൾ കാരണം മദ്യവിരുദ്ധ പ്രവർത്തകരായ നിരവധി പേരുണ്ട്. അവരുടെ പ്രവർത്തനങ്ങൾക്ക് അവർ ജീവിച്ച സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിച്ചതും അതുകൊണ്ടാണ്. മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ തന്റെ ആദ്യകാല രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഘട്ടത്തിൽ സ്വന്തം കുടുംബാംഗങ്ങളുടെ മദ്യശീലത്തിനെതിരെ പോരാടിയ കാര്യം എടുത്തു പറയാറുണ്ട്. ആ പാരമ്പര്യമാണ് അദ്ദേഹത്തെ വ്യക്തിപരമായി കടുത്ത മദ്യ വിരുദ്ധനാക്കിയത്. തന്റെ നേതൃത്തിലുള്ള ഭരണകൂടം മദ്യവുമായി ബന്ധപ്പെട്ടെടുത്ത തീരുമാനങ്ങളൊന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ മദ്യവിരുദ്ധതക്ക് വിഘാതമായിരുന്നില്ലെന്നതിന് എത്രയോ ഓർമ്മകളുണ്ട്. മദ്യപരെക്കുറിച്ച് പറയുമ്പോൾ കുടിയന്മാർ എന്ന നിന്ദാപദം അദ്ദേഹം പലപ്പോഴും ഉപയോഗിച്ചതായാണ് ഓർമ്മ. ഓൻ കുടിയനല്ലെടോ എന്ന വാമൊഴിവഴക്കം.