രാജ്യസഭയിലും ലോക്‌സഭയിലുമുള്ള ഇവർ മനസ്സ് വെച്ചാൽ നിലയ്ക്ക് നിർത്താനാവാത്ത കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ ഭയങ്കരനായിരിക്കുമല്ലോ. ഇതിനിടയ്ക്കാണ് കഥയറിയാതെ ഓരോന്ന് വിളിച്ചു പറയുന്ന വള്ളിക്കുന്ന് എം.എൽ.എയെ പോലുള്ളവർ. കരിപ്പൂരിനെ തകർക്കാൻ തുടങ്ങിയത് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ അല്ല. ഗതികേട് തുടങ്ങുമ്പോൾ യു.പി.എയാണ് കേന്ദ്രം ഭരിച്ചത്.
വടക്കൻ കേരളത്തിൽ നിന്നുള്ള മിക്ക എം.പിമാർക്കും ഒരു ഗുണമുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് അവർ സ്വന്തം മണ്ഡലത്തെ കുറിച്ച് കാര്യമായി ഓർത്തു തുടങ്ങുക. ഇത് പുതിയ കാര്യമല്ല. കേന്ദ്രത്തിൽ യു.പി.എ ഭരിച്ച വേളയിലും ഇങ്ങനെ തന്നെ ആയിരുന്നു. ജനസംഖ്യ കൂടുതലുള്ള മലപ്പുറം ജില്ലയുടെ റെയിൽവേ കേന്ദ്രമാണ് തിരൂർ. ഇന്ത്യൻ സ്വാതന്ത്യ ചരിത്രവുമായും തിരൂരിന് ബന്ധമുണ്ട്. തുഞ്ചൻ പറമ്പും മലയാള സർവകലാശാലയുമുള്ള തിരൂർ നഗരത്തിലെ ടൗൺ ഹാളിന് വാഗൺ ട്രാജഡി സ്മാരകമെന്നാണ് പേര്. തിരൂരിൽ നിന്ന് വെറ്റില കയറ്റി അയക്കാൻ മാത്രം മംഗലാപുരം-മദ്രാസ് മെയിലിൽ ഒരു വാഗൺ ഘടിപ്പിച്ച കാലമുണ്ടായിരുന്നു. കേരളത്തിന്റെ റെയിൽവേ ചരിത്രത്തിലും സുവർണ ലിപികളിൽ രേഖപ്പെടുത്തിയ പട്ടണമാണ് തിരൂർ. കേരള സംസ്ഥാനത്തിന്റെ ഭാഗമായി മാറിയ തിരുകൊച്ചി പ്രദേശങ്ങൾ റെയിലും റെയിൽ വണ്ടിയും എന്താണെന്ന് അറിയാത്ത കാലത്ത് ബ്രിട്ടീഷ് മലബാറിൽ ആദ്യമായി ട്രെയിൻ ഓടിയത് തിരൂരിനും ബേപ്പൂരിനുമിടയിലാണ്. ഇതും കഴിഞ്ഞ് അനേകം ദശകങ്ങൾക്ക് ശേഷമാണ് കൊച്ചിയിലും തിരുവനന്തപുരത്തും ട്രെയിനെത്തിയത്. തിരൂരിലിറങ്ങി വേണം കാടാമ്പുഴയിലും പൊന്നാനിയിലും കോട്ടക്കലിലും മറ്റുമെത്താൻ. തിരൂരിന്റേയും തൊട്ടടുത്ത കുറ്റിപ്പുറത്തിന്റേയും പ്രാധാന്യം മനസ്സിലാക്കിയ ഭരണാധികാരിയായിരുന്നു വികസന കേരളത്തിന്റെ ശിൽപിയെന്ന് വിളിക്കാവുന്ന കെ. കരുണാകരൻ. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഗുരുവായൂരിനെ റെയിൽ മാർഗം തൃശൂരുമായും കുറ്റിപ്പുറവുമായും ബന്ധിപ്പിക്കാൻ ആഗ്രഹിച്ചു. മലബാർ പ്രദേശത്തിനപ്പുറം വരുന്ന തൃശൂർ ഭാഗത്തെ മിടുക്കന്മാരുടെ ഉത്സാഹം നിമിത്തം ഗുരുവായൂർ-തൃശൂർ പാത യാഥാർഥ്യമായി കാലം കുറച്ചായി. മറുഭാഗത്ത് റെയിൽ പാത വന്നു ചേരേണ്ടത് താനൂർ, തിരൂർ, തിരുനാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ എവിടെ വേണമെന്നതിൽ തർക്കം തുടരുകയാണ്. വടക്കൻ കേരളത്തിൽ റെയിൽവേയ്ക്ക് ഏറ്റവും കലക്ഷൻ നേടിത്തരുന്ന അഞ്ച് സ്റ്റേഷനുകളുടെ പട്ടികയെടുത്താൽ തിരൂരും അതിലുണ്ട്. കരുണാകര കാലത്ത് തിരൂരും കുറ്റിപ്പുറവും നിർത്താതെ ദീർഘ ദൂര ട്രെയിനുകളൊന്നും കടന്നു പോയിരുന്നില്ല. പുതിയ ഏതെങ്കിലും ട്രെയിൻ സർവീസ് തുടങ്ങിയാൽ കാടാമ്പുഴ, പൊന്നാനി, ഗുരുവായൂർ, കോട്ടക്കൽ വിഷയങ്ങളെടുത്തിട്ട് സ്റ്റോപ്പ് അനുവദിപ്പിക്കാൻ അന്നത്തെ ജനപ്രതിനിധികൾക്ക് സാധിച്ചിരുന്നു. മലയാളികളല്ലാത്ത ജി.എം ബനാത്‌വാല, ഇബ്രാഹിം സുലൈമാൻ സേട്ട് തുടങ്ങിയവർ എം.പിമാരായിരുന്നപ്പോഴും കുറ്റിപ്പുറവും തിരൂരും ഇത്രയ്ക്ക് അവഗണിക്കപ്പെട്ടിരുന്നില്ല. കുറ്റിപ്പുറത്ത് വളരെ കുറച്ച് ദീർഘദൂര ട്രെയിനുകളേ ഇപ്പോൾ നിർത്തുന്നുള്ളൂ. തിരൂരിനാണെങ്കിൽ മലപ്പുറത്തിന്റെ സ്റ്റേഷൻ എന്ന പരിഗണന ലഭിക്കുന്നതേയില്ല. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്തിനടുത്ത കൊച്ചുവേളിയിൽ നിന്ന് മംഗലാപരുത്തേക്ക് അന്ത്യോദയ എക്‌സ്പ്രസ് എന്ന പേരിൽ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാവുന്ന അതിവേഗ ട്രെയിൻ തുടങ്ങി. ഇതിന് ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചത്. കാസർകോട്, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിൽ നിർത്താതെ പോകുന്നത് വലിയ പ്രതിഷേധത്തിനിടയാക്കി. തിരൂരിനായി ആരും കാര്യമായി പ്രതികരിച്ചു കണ്ടില്ല. പാലക്കാടിന് വേണ്ടി ഷൊർണൂർ കഴിഞ്ഞാൽ ഈ ട്രെയിൻ കോഴിക്കോട്ടാണ് സ്റ്റോപ്പ് ചെയ്യുന്നത്. തിരൂർ നഗരസഭ കൺവെൻഷൻ വിളിച്ചു കൂട്ടിയെന്നത് വിസ്മരിക്കുന്നില്ല.
തിരൂരിന്റെ കാര്യം ഒരു പ്രതീകമെന്ന നിലയിൽ പരാമർശിച്ചതാണ്. ചെന്നൈക്കൊപ്പം അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കാൻ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സ്റ്റേഷനാണ് കോഴിക്കോട്. വല്ലതും നടന്നുവോയെന്ന് ആർക്കെങ്കിലും പറയാനാകുമോ? ഇന്ത്യയിൽ ഏറ്റവും ലാഭകരമായി പ്രവർത്തിച്ച വിമാനത്താവളങ്ങളിലൊന്നാണ് കോഴിക്കോട്. എല്ലായിടത്തും നഷ്ടമുണ്ടാക്കിയ എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും പിടിച്ചു നിന്നത് കോഴിക്കോടിൽ നിന്നുള്ള റെക്കോർഡ് വരുമാനത്തിലൂടെയാണ്.
കോഴിക്കോട് വിമാന താവളത്തെ ഇല്ലാതാക്കാൻ അണിയറയിൽ ശ്രമം നടക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രചാരണം. സ്വകാര്യ പങ്കാളിത്തമുള്ള കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾക്ക് വേണ്ടിയാണിതെന്നും പറയുന്നു. ഓണക്കാലത്ത് കണ്ണൂർ യാഥാർഥ്യമാകും. നഴ്‌സറിയിൽ ചേരാതെ സർവകലാശാല വിദ്യാർഥിയാവാനാണ് കണ്ണൂരിന്റെ പുറപ്പാട്. ആഭ്യന്തര സർവീസ് തുടങ്ങി കാലക്രമേണയാണ് മറ്റിടങ്ങളിൽ വിദേശ സർവീസ് തുടങ്ങിയിട്ടുള്ളത്. കണ്ണൂരിന് വേണ്ടി ഇത്തരം നിബന്ധനകൾ മറികടക്കാൻ കേന്ദ്രത്തിൽ കടുത്ത സമ്മർദമാണ്. കേരള മുഖ്യമന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ ദൽഹി ദൗത്യത്തിന് പിന്നിൽ ഈ ആവശ്യമുണ്ടായിരുന്നു. കണ്ണൂരിന് വേണ്ടി ഇളവുകൾ അനുവദിച്ചു കിട്ടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയുണ്ടായി. കണ്ണൂരിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്നതോടെ കരിപ്പൂരിലെ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ഭാവി എന്താവുമെന്നത് പ്രത്യേകം പറയേണ്ടതില്ല. കരിപ്പൂരിനെ കുറിച്ചുള്ള പ്രതീക്ഷകൾ ഈ വർഷാദ്യം വീണ്ടുമുയർന്നു വന്നതായിരുന്നു.
ഫെബ്രുവരിയിൽ മലപ്പുറം എം.പി പി.കെ കുഞ്ഞാലിക്കുട്ടി ദൽഹിയിൽ കേന്ദ്ര സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ ബി.എസ് മുള്ളറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈഡ് ബോഡി വിമാനങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പാർലമെന്റിലെ പ്രദേശത്തെ പ്രതിനിധി മുന്നോട്ട് വെച്ചത്. ഇതിന് ഡി.ജി.സിഎ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനമായ കാലിക്കറ്റ് എയർപോർട്ടിന്റെ കാര്യത്തിൽ പുത്തൻ പ്രതീക്ഷകൾ നാമ്പിട്ടത് ഇതോടെയാണ്. രണ്ടാഴ്ചക്കകം വലിയ വിമാനങ്ങൾ ഇറങ്ങുമെന്ന വിധത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തു. വിദേശ മലയാളികൾ ഏറെ ആഹ്ലാദിച്ച വാർത്തയാണിത്. രണ്ടാഴ്ച കൊണ്ട് സംഭവിച്ചില്ലെങ്കിലും ഏപ്രിലിലെ സമ്മർ ഷെഡ്യൂളിലെങ്കിലും കാലിക്കറ്റിൽ നിന്ന് വിദൂര ദിക്കുകളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പലരും കരുതി. കണ്ണൂരിൽ നിന്ന് വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്തു തുടങ്ങിയാൽ പിന്നെ കാലിക്കറ്റിന്റെ കാര്യം പറഞ്ഞ് വിലപിച്ചിട്ട് കാര്യമില്ല.
കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുക വഴി മലബാർ മേഖലയിൽ വ്യവസായ, കാർഗോ, ടൂറിസം മുന്നേറ്റത്തിൽ കുതിപ്പുണ്ടാക്കാനാവും. സൗദി അറേബ്യയിലെ ജിദ്ദയിലും മറ്റുമുള്ള പതിനായിരക്കണക്കിന് പ്രവാസി മലയാളികളുടെ യാത്ര എളുപ്പമാവുകയും ചെയ്യും. സൗദി അറേബ്യയിലെ പ്രവാസികളിൽ നല്ലൊരു ശതമാനം ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളം കുറച്ചു കാലമായി അടച്ചിട്ട അവസ്ഥയിലായിരുന്നു. നാട്ടിലെ അവധിക്കാലത്ത് ഗൾഫിലേക്കും മെയ്-ജൂണിൽ തുടങ്ങുന്ന ഗൾഫിലെ അവധി-റമദാൻ പെരുന്നാൾ സീസണിലും കോഴിക്കോട്ടേക്കുള്ള യാത്ര ദുരിതപൂർണമായിരുന്നു. എയർ ഇന്ത്യ ജിദ്ദ-കാലിക്കറ്റ് നേരിട്ട് സർവീസ് തുടങ്ങിയത് മുതൽ കുടുംബിനികളെയും മക്കളെയും തനിച്ച് നാട്ടിലേക്കും തിരിച്ചും യാത്ര അയച്ചിരുന്നവരാണ് മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾ.
റൺവേ റീ-കാർപറ്റിംഗിന്റെ പേരിലാണ് ജംബോ വിമാനങ്ങൾ 2015 മെയ് ഒന്നു മുതൽ നിർത്തിയപ്പോൾ എയർ ഇന്ത്യ, സൗദി എയർലൈൻസ് വിമാനക്കമ്പനികളുടെ ജിദ്ദ, റിയാദ് മേഖലയിലെ നേരിട്ടുളള സർവ്വീസുകളാണ് പൂർണമായും നിലച്ചത്. ഉത്തര കേരളത്തിലെ പ്രവാസികൾ കഴിഞ്ഞ കുറച്ചു കാലമായി കൊണ്ടോട്ടിക്കടുത്തുള്ള കരിപ്പൂർ വിമാനത്താവളത്തിലാണ് ചെന്നിറങ്ങിയിരുന്നത്.
2000 ൽ പുതിയ നൂറ്റാണ്ട് പിറന്നപ്പോൾ ജിദ്ദ, റിയാദ് നഗരങ്ങളിലെ പ്രവാസികൾക്ക് കാലിക്കറ്റിൽ നേരിട്ട് വന്നിറങ്ങാൻ പറ്റിയിരുന്നില്ല. എയർ ഇന്ത്യയുടെയും ഇന്ത്യൻ എയർലൈൻസിന്റേയും എയർബസ് വിമാനങ്ങൾ ഹബ് ആന്റ് സ്‌പോക്ക് സമ്പ്രദായത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പറന്നിരുന്നത്. അർധരാത്രി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തുന്ന സൗദി യാത്രക്കാരെ നേരം വെളുക്കുമ്പോൾ എയർ ഇന്ത്യ കോഴിക്കോട്ടേക്ക് മറ്റൊരു വിമാനത്തിൽ കൊണ്ടുപോകും. ജിദ്ദ/റിയാദ് വിമാനത്താവളങ്ങളിൽനിന്ന് ബോർഡിംഗ് പാസെടുത്ത യാത്രക്കാരൻ കസ്റ്റംസ്, എമിഗ്രേഷൻ നടപടിക്രമങ്ങൾ ഫൈനൽ ഡെസ്റ്റിനേഷനായ കോഴിക്കോട്ട് പൂർത്തിയാക്കിയാൽ മതിയായിരുന്നു. നാലോ, അഞ്ചോ മണിക്കൂർ മുംബൈയിലിരുന്നാൽ മതി. അതിന് ശേഷമാണ് എയർ ഇന്ത്യ കാലിക്കറ്റ്-ജിദ്ദ റൂട്ടിൽ നോൺ സ്റ്റോപ്പ് വിമാനങ്ങൾ തുടങ്ങിയത്. ക്രമേണ സൗദി അറേബ്യൻ എയർലൈൻസുമെത്തി.
കോഴിക്കോടിന്റെ സാധ്യത മനസ്സിലാക്കി വിദേശ വിമാന കമ്പനികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് കാലിക്കറ്റിലേക്ക് സർവീസുകൾ ഏർപ്പെടുത്തി. കാലിക്കറ്റിൽ അറ്റകുറ്റപ്പണി തുടർന്നപ്പോൾ യാത്ര കൊച്ചി വഴിയാക്കിയവരാണ് കൂടുതലും. 2015 ഏപ്രിൽ 30 നാണ് റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയത്. ഇനി എന്ന് തുടങ്ങുമെന്നതിനെ കുറിച്ച് ആർക്കും ഒരു ധാരണയുമില്ല.
സൗദി അറേബ്യൻ എയർലൈൻസ് കേരളത്തിൽ ഏറ്റവും ആഗ്രഹിക്കുന്ന ഡെസ്റ്റിനേഷനാണ് കോഴിക്കോടെന്ന് അതിന്റെ ജിദ്ദ ആസ്ഥാനത്തു നിന്ന് അറിയാൻ സാധിച്ചു. സീസണിലും ഓഫ് സീസണിലും യാത്രക്കാരെ ലഭിക്കുന്ന സ്റ്റേഷനാണിത്. കരിപ്പൂരിൽ ലാൻഡ് ചെയ്യാൻ താൽപര്യം അറിയിക്കുന്ന വിദേശ എയർലൈൻസിനെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് ഇന്ത്യയിലെ ഭരണ സിരാകേന്ദ്രങ്ങളിൽ. കത്തെഴുത്തും മറുപടി എഴുത്തുമായി കാലം കഴിഞ്ഞു പോകുമ്പോൾ സൗദിയോട് മട്ടന്നൂരിലെ കുന്നുകളിൽ ചെന്നിറങ്ങുന്നതിന്റെ രസം പറഞ്ഞു കൊടുക്കുകയാവും ഉദ്ദേശ്യം. ദൽഹിയിലെ ഒരു ഉദ്യോഗസ്ഥനാണ് കളിക്കുന്നതെന്ന് ചിലർ ആക്ഷേപിക്കുന്നു. കോഴിക്കോട്ടും പരിസരത്തുമായി പത്ത് എം.പിമാർ നമുക്കുണ്ട്.
രാജ്യസഭയിലും ലോക്‌സഭയിലുമുള്ള ഇവർ മനസ്സ് വെച്ചാൽ നിലയ്ക്ക് നിർത്താനാവാത്ത കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ ഭയങ്കരനായിരിക്കുമല്ലോ. ഇതിനിടയ്ക്കാണ് കഥയറിയാതെ ഓരോന്ന് വിളിച്ചു പറയുന്ന വള്ളിക്കുന്ന് എം.എൽ.എയെ പോലുള്ളവർ. കരിപ്പൂരിനെ തകർക്കാൻ തുടങ്ങിയത് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ അല്ല. ഗതികേട് തുടങ്ങുമ്പോൾ യു.പി.എയാണ് കേന്ദ്രം ഭരിച്ചത്. കരിപ്പൂരിനെതിരെ ചരടുവലിയ്ക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന മലയാളി ഉദ്യോഗസ്ഥനെ ഉന്നത സ്ഥാനങ്ങളിലെത്തിച്ചതിന് പിന്നിലും യു.ഡി.എഫ് രാഷ്ട്രീയത്തിലെ പ്രമുഖനായിരുന്നുവല്ലോ.