Sorry, you need to enable JavaScript to visit this website.

എ.ടി.എം കവര്‍ച്ചാശ്രമം; അസം സ്വദേശികള്‍ പിടിയില്‍

തൊടുപുഴ- കരിമണ്ണൂരില്‍ എ.ടി.എം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്ന് അസം സ്വദേശികള്‍ കാഞ്ഞങ്ങാട്‌നിന്ന് പിടിയില്‍. അസം നാഗോണ്‍ ജില്ലയില്‍ സിംലയ്പത്താര്‍ സ്വദേശികളായ ജിന്നറ്റ് അലി, തുമിറുള്‍ ഇസ്‌ലാം, അസീസുള്‍ ഹഖ് എന്നിവരാണ് പിടിയിലായത്. കരിമണ്ണൂര്‍ മേഖലയില്‍ ജോലിക്കെത്തിയവരാണ് പ്രതികള്‍.
കാഞ്ഞങ്ങാട്‌നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് കരിമണ്ണൂര്‍ പോലീസ് ഇവരെ പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാഞ്ഞങ്ങാട് തമ്പടിച്ച് ജോലി അന്വേഷിച്ച് വരവെയാണ് പ്രതികളെ കരിമണ്ണൂര്‍ എസ്.എച്ച്.ഒ കെ. ജെ ജോബി, എസ്.സി.പി. ഒ സുനില്‍കുമാര്‍, സി.പി.ഒമാരായ ടി.എ ഷാഹിദ്, അജീഷ് തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കരിമണ്ണൂര്‍ ടൗണിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലാണ് കഴിഞ്ഞ 11ന് പുലര്‍ച്ചെ കവര്‍ച്ചാ ശ്രമം നടന്നത്. ആയുധങ്ങള്‍ ഉപയോഗിച്ച് എ.ടി.എം കുത്തിപ്പൊളിച്ചെങ്കിലും ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടാക്കള്‍ക്ക് കൈക്കലാക്കാന്‍ കഴിഞ്ഞില്ല. പ്രതികളുടെ ദൃശ്യം എ.ടി.എമ്മിലെ സി.സി.ടി.വിയില്‍നിന്ന് പോലീസിന് ലഭിച്ചിരുന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണിയും ഉദ്യോഗസ്ഥരും പ്രതികളെ പിടികൂടാന്‍ സഹായിച്ചു.

 

 

Latest News