പാലക്കാട്- കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ നല്‍കാതിരിക്കുകയും പല കാര്യങ്ങളിലും അവഗണിക്കുകയും ഉപദ്രവിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് എല്‍. ഡി. എഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രം നോക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ്. ദുരന്തങ്ങള്‍ വരുമ്പോള്‍ സംസ്ഥാനങ്ങളെ സഹായിക്കേണ്ടവരാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ കേരളത്തെ ദുരന്തകാലത്ത് കേന്ദ്രം സഹായിച്ചില്ല. മാത്രമല്ല സംസ്ഥാനത്തിന് ലഭിച്ച സഹായങ്ങള്‍ കേന്ദ്രം തടസപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തിന് സഹായം തേടിയുള്ള വിദേശയാത്രകള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി കേന്ദ്രം സഹായം തരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുടക്കി. എയിംസ് എന്ന ആവശ്യവും കേന്ദ്രം അനുവദിച്ചില്ല. എന്നിട്ടും സംസ്ഥാനത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.