കൊല്ലം- വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകി. കസ്റ്റഡിയിൽ ലഭിച്ചാൽ തുടർന്ന് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കും. സന്ദീപിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് നീക്കം. കഴിഞ്ഞ ദിവസവും ജയിൽ ഡോക്ടർ പരിശോധിച്ചതിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയത്.
ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടർമാരോട് പറഞ്ഞത്. ഇക്കാര്യം അന്വേഷണ സംഘം പൂർണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്.
അതേസമയം, താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാർ തന്നെ മർദ്ദിച്ചു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മർദിച്ചുവെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. നാട്ടുകാർ പിന്തുടർന്നപ്പോൾ പോലിസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു.