ജിദ്ദ- ബാന്റ് മേളങ്ങളോടെ ആഘോഷമായ സ്വീകരണം... കുടിക്കാൻ ചായയും പെപ്‌സിയും ഫ്രീ... റഷ്യയിൽ പോയി ലോകകപ്പ് കാണുന്ന പ്രതീതി... പോരാത്തതിന് ഇടവേളകളിൽ മത്സരങ്ങളിൽ സമ്മാനങ്ങളും....
സൗദി ജനറൽ സ്‌പോർട്‌സ് അതോറിട്ടി ലോകകപ്പ് മത്സരങ്ങൾ കാണാൻ ജിദ്ദയിലെ ഹയ്യ ശാത്തിയിൽ ഒരുക്കിയിരിക്കുന്ന അതിവിപുലമായ സൗകര്യമാണിത്. ശീതീകരിച്ച ടെന്റിനുള്ളിൽ കളി കാണാൻ കൂറ്റൻ സ്‌ക്രീൻ. ആയിരക്കണക്കിന് സീറ്റുകൾ. ടെന്റിനോട് ചേർന്ന് അതിവിശാലമായ പാർക്കിംഗ് സൗകര്യം. കുട്ടികൾക്ക് കളിക്കാൻ പാർക്ക്. വിവിധ രാജ്യക്കാരായി ആയിരക്കണക്കിന് ആളുകളാണ് നിത്യവും ഇവിടെ കളി കാണാനെത്തുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജഴ്‌സിയുമണിഞ്ഞ് എത്തുന്നവരാണ് അവരിലേറെയും.
തങ്ങളുടെ ടീം ഗോളടിക്കുമ്പോൾ തമ്പിനുള്ളിൽ ആരവം മുഴങ്ങും. ഗോളവസരം നഷ്ടപ്പെടുമ്പോഴും തങ്ങളുടെ ടീം തോൽക്കുമ്പോഴും അവർ മൂകരാവും. അപ്പോൾ മറ്റൊരു സ്ഥലത്ത് ആരവമുയരും.
കുടുംബ സമേതമാണ് ഇവിടെ പലരും കളി കാണാനെത്തുന്നത്. വാഹനം ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പാർക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചു തരാൻ വളണ്ടിയർമാരുണ്ട്. പാർക്ക് ചെയ്‌തെത്തുന്നവരെ ടെന്റിനു മുന്നിലെ വലിയ കമാനത്തിന് താഴെയായി ബാന്റ് മേളങ്ങളോടെ ഉള്ളിലേക്ക് സ്വാഗതം ചെയ്യുന്നു. ടെന്റിനുള്ളിലെത്തിയാലോ ഒരു സ്റ്റേഡിയത്തിലെത്തിയ പ്രതീതി. അവിടെയും നിങ്ങളെ സ്വീകരിക്കാനും സീറ്റിലിരുത്താനും വളണ്ടിയർമാരുണ്ട്. ഉള്ളിൽ നിങ്ങൾക്കാവശ്യമായ ഭക്ഷണങ്ങൾക്കു വേണ്ട ചെറിയ സ്റ്റാളുകൾ ഉണ്ടാക്കിയിട്ടുണ്ട്. അവിടെ പണം കൊടുത്ത് വാങ്ങാവുന്നതും, അല്ലാത്തതുമായ കടകൾ സജ്ജീകരിച്ചിരിക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ ലിപ്ടൺ കമ്പനി ചായയുമായി നിങ്ങളെ സേവിച്ചു കൊണ്ടിരിക്കും. ഇതിനൊക്കെ പുറമെയാണ് കളി തുടങ്ങുന്നതിനു മുമ്പും ഇടവേളയിലും പല രീതിയിലുള്ള മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനുള്ള അവസരം. ഗ്രൗണ്ടിന് പുറത്ത് കുട്ടികൾക്ക് കളിക്കാനായി പാർക്കിന് സമാനമായ വലിയ കളിസ്ഥലവും തയാറാക്കിയിരിക്കുന്നു. നമസ്‌ക്കരിക്കാനുള്ള സൗകര്യമടക്കം അതിവിപുലമായ സജ്ജീകരണങ്ങളാണ് ജനറൽ സ്‌പോർട്‌സ് അതോറിട്ടി ടെന്റിനുള്ളിൽ സജ്ജമാക്കിയിരിക്കുന്നത്.
മലയാളികളടക്കം ആയിരക്കണക്കിന് ഫുട്‌ബോൾ ആരാധകർ ദിവസവും ഇവിടെ കളി കാണാനെത്തുന്നുണ്ട്. തങ്ങൾ സ്ഥിരമായി ഇവിടെ വന്നാണ് കളികാണാറെന്ന് മലയാളികളായ അഷ്ഫർ, സലാം, ഷരീഫ് എന്നിവർ പറഞ്ഞു. വളരെ ചിട്ടയോടെ ഇത് സജ്ജീകരിച്ച ജനറൽ സ്‌പോർട്‌സ് അതോറിട്ടിയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.