Sorry, you need to enable JavaScript to visit this website.

മക്കയിലേക്ക് ഇന്നു മുതൽ ആർക്കൊക്കെ പ്രവേശിക്കാം, അനുമതി നേടുന്നത് എങ്ങനെ- ജവാസാത്ത് അറിയിപ്പ്

മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റിൽ വെച്ച് യാത്രക്കാരുടെ രേഖകൾ പരിശോധിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ.

മക്ക - ഹജിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി മക്കയിലേക്ക് ഇന്നു മുതൽ വിദേശികൾക്ക് അനുമതിയില്ലാതെ പ്രവേശിക്കാനാകില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചത്. ഏതൊക്കെ ആളുകൾക്ക് മക്കയിൽ പ്രവേശിക്കാം എന്നത് സംബന്ധിച്ച് പൊതുസുരക്ഷാ വകുപ്പ് വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ജോലി ആവശ്യാർഥം മക്കയിൽ പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ് നേടിയവർ, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമയുള്ളവർ, ഉംറ, ഹജ് പെർമിറ്റുകൾ നേടിയവർ എന്നിവരെ മാത്രമാണ് ചെക്ക് പോസ്റ്റുകളിൽ നിന്ന് മക്കയിലേക്ക് കടത്തിവിടുക. അല്ലാത്തവരെ ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയക്കും.

പെർമിറ്റ് ലഭിക്കന്നത് എങ്ങിനെ:

മക്കയിൽ പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റിനുള്ള അപേക്ഷകൾ ജവാസാത്ത് ഡയറക്ടറേറ്റ് ഓൺലൈൻ ആയി സ്വീകരിച്ച് പെർമിറ്റുകൾ അനുവദിക്കും. സൗദി കുടുംബങ്ങളിലെ ഗാർഹിക തൊഴിലാളികൾ, സൗദികളല്ലാത്ത കുടുംബാംഗങ്ങൾ, മക്കയിൽ ആസ്ഥാനമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ, ഹജ് കാലത്ത് ജോലി ചെയ്യാൻ മക്കയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി തൊഴിൽ കരാറുകൾ ഒപ്പുവെച്ച, തൊഴിലാളി കൈമാറ്റത്തിനുള്ള അജീർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സീസൺ തൊഴിലാളികൾ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്ക് മക്കയിൽ പ്രവേശിക്കാൻ എൻട്രി പെർമിറ്റുകൾ അനുവദിക്കും.

ഗാർഹിക തൊഴിലാളികൾക്കും സൗദികളല്ലാത്ത കുടുംബാംഗങ്ങൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ ഇൻഡിവിജ്വൽസും സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഖീം പോർട്ടലും വഴിയാണ് മക്ക എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. സമയവും അധ്വാനവും ലാഭിക്കാനും ഉപയോക്താക്കളുടെ സൗകര്യം മാനിച്ചുമാണ് ഓൺലൈൻ വഴി മക്ക എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതെന്നും ജവാസാത്ത് പറഞ്ഞു. എല്ലാ വർഷവും ശവ്വാൽ 25 മുതൽ ദുൽഹജ് പത്തു വരെയുള്ള കാലത്ത് മക്കയിലേക്കുള്ള പ്രവേശനം ബന്ധപ്പെട്ട വകുപ്പുകൾ നിയന്ത്രിക്കാറുണ്ട്. ഹജ് പെർമിറ്റ് നേടാതെ അനധികൃതമായി ഹജ് നിർവഹിക്കുന്ന പ്രവണത തടയുകയെന്ന ലക്ഷ്യത്തോടെയാണ് മക്കയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പ്രത്യേക പെർമിറ്റ് നിർബന്ധമാക്കുന്നത്. 
ഉംറ, സിയാറത്ത് വിസകളിൽ രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെ ഹജ് നിർവഹിക്കാൻ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ഉംറ, സിയാറത്ത് വിസാ കാലാവധി 90 ദിവസമാണ്. ഇത്തരം വിസകളിലെത്തുന്നവർ വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടണമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

Latest News