കണ്ണൂർ - രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരത്തിൽ തുടരാമെന്ന സംഘപരിവാർ വർഗീയതയ്ക്കുള്ള ശക്തമായ താക്കീതാണ് കർണാടകത്തിലെ ജനങ്ങളുടെ വിധിയെഴുത്തെന്ന് കെ.എൻ.എം മർകസുദ്ദഅ്‌വയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന പത്താമത് മുജാഹിദ് പ്രഖ്യാപന സമ്മേളനം അഭിപ്രായപ്പെട്ടു.
വിദ്വേഷ രാഷ്ട്രീയത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജനത പ്രബുദ്ധമായിരിക്കുന്നുവെന്നത് ആശാവഹമാണെന്നും പ്രഖ്യാപന സമ്മേളനം ചൂണ്ടിക്കാട്ടി. വിദ്വേഷവും വെറുപ്പും വിതച്ച് ഇന്ത്യയിലെ മുസ്‌ലിംകളെ അപരവൽക്കരിക്കാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ദുഷ്ടലാക്കിനെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപനം കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന ജനറൽസെക്രട്ടറി സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടായിട്ടും ആത്മീയ ചൂഷണവും ആത്മീയ തട്ടിപ്പും വർധിച്ചുവരികയാണെന്നും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കണമെന്നും സി.പി ഉമർ സുല്ലമി പറഞ്ഞു. ലഹരിമാഫിയക്കും നവലിബറൽ അരാജകത്വ വാദികൾക്കുമെതിരെ സമൂഹം ഐക്യപ്പെടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 'വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം' എന്ന പ്രമേയത്തിൽ ഡിസംബർ 28 മുതൽ 31 വരെ മലപ്പുറത്ത് വച്ചാണ് സമ്മേളനം നടക്കുകയെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
കെ.എൻ.എംസംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ ജമാലുദ്ദീൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. സമ്മേളന മെമന്റോയുടെ വിതരണോദ്ഘാടനം കെ.എൽ.പി യുസുഫ് നിർവഹിച്ചു. കണ്ണൂർ മുൻസിപ്പൽ ചെയർമാൻ അഡ്വ. മോഹനൻ, ഡപ്യൂട്ടി മേയർ ശബീന സക്കീർ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മൂട്ടി, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആശംസകളർപ്പിച്ചു.
എം അഹമ്മദ് കുട്ടി മദനി, എൻ.എം അബ്ദുൽ ജലീൽ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, അലി മദനി, ജാബിർ അമാനി, എം.ടി മനാഫ്, റാഫി പേരാമ്പ്ര, ഡോ. അൻവർ സാദത്ത്, സി.ടി ആയിഷ, ആദിൽ നസീഫ്, ടി.കെ തഹ്‌ലിയ, എം.കെ ശാക്കിർ, സി.സി ശക്കീർ ഫാറൂഖി, ബദറുദ്ദീൻ പാറന്നൂർ, സുഹൈൽ സാബിർ, ഡോ. പി.കെ അബ്ദുൽജലീൽ പ്രസംഗിച്ചു.